ബെംഗളൂരു: ഹിജാബ് കേസിൽ വിധി പറഞ്ഞ മൂന്ന് ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഋതു രാജ് അവസ്‌ഥി, ജസ്‌റ്റിസുമാരായ കൃഷ്‌ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവർക്കാണ് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.
ഹിജാബ് കേസിൽ വിധി പുറത്തുവന്ന ശേഷം ചീഫ് ജസ്‌റ്റിസിനെ സമൂഹ മാദ്ധ്യമത്തിലൂടെ തൗഹീദ് ജമായത്ത് സംഘടന ഭാരവാഹി റഹ്‌മത്തുള്ള ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഇയാളെ മധുരയിൽ നിന്നും പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അതിന് പിന്നാലെയാണ് ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.
സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവച്ചാണ് വിധി പുറത്തിറക്കിയത്. കൂടാതെ ഹിജാബ് മതപരമായ ആചാരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സംസ്‌ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. നിലവിൽ ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Read also: പാതയോരങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; കൂടുതൽ സമയം തേടാൻ തീരുമാനം