കൊച്ചി: യുവ ഡോക്‌ടറുടെ പരാതിയിൽ റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) ബലാൽസംഗക്കേസ് രജിസ്‌റ്റർ ചെയ്‌ത് പോലീസ്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. തൃക്കാക്കര പോലീസ് ഇന്നലെ രാത്രിയാണ് കേസെടുത്തത്. 2021 ഓഗസ്‌റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്‌ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്‌ളാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്‌ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽ നിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. മൊഴി പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതിനുശേഷം നടപടി ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
തൃക്കാക്കര സ്‌റ്റേഷൻ പരിധിയിൽ വെച്ച് ബലാൽസംഗം നടന്നതിനാലാണ് കൊച്ചിയിൽ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാൽസംഗം ചെയ്‌ത ശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പുലർച്ചെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
വേടനെതിരെ നേരത്തെയും മീ ടൂ ആരോപണം ഉയർന്നിരുന്നു. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വേടൻ രംഗത്തെത്തി. തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചു. മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ പ്രതികരിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!