കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മല്ലൂർക്കടവ് റോഡിൽ തെക്കേ അങ്ങാടിയിലെ ആലുക്കൽ ജാഫറാണ് (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി ജാഫറും അഷ്റഫും ഭക്ഷണം കഴിക്കാനായി പുറത്തുപോയിരുന്നു. അഷ്‌റഫിന്റെ കാറിലായിരുന്നു പോയത്. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. അഷ്റഫാണ് കാർ ഡ്രൈവ് ചെയ്‌തത്. തിരിച്ചു വീട്ടിലെത്തിയ ശേഷം കാർ പോർച്ചിൽ നിർത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി.
ഇവിടെ നിന്ന് ഏതാനും മീറ്റർ മാത്രം അപ്പുറത്താണ് ജാഫറിന്റെ വീട്. ജാഫർ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയത്. രാവിലെ ഉറക്കമുണർന്ന് വന്നു നോക്കുമ്പോഴാണ് ജാഫറിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ അഷ്‌റഫ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്‌ധരും ഫൊറൻസിക് സംഘവും സംഭവസ്‌ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്‌റ്റിന് ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കബറടക്കം നാളെ നടക്കും. മാതാവ്: ആയിഷ. ഭാര്യ: ഫാമിദ. മക്കൾ: ലീന, ആയിഷ ജുമാന, ആയിഷ ജന്ന, ഫജർ.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ