പരവൂർ: സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റ് പരവൂർ സ്വദേശിനി ഗൗരി ആർ. ലാൽജി (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയിൽ പ്രവേശിച്ചത്. എറണാകുളത്ത് ഹൈക്കോടതി അസിസ്‌റ്റന്റായി ജോലി ചെയ്‌ത് വരികയായിരുന്നു.
കൊല്ലം എസ്എൻ വനിതാ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്‌ത്ര ബിരുദം മൂന്നാം റാങ്കോടെ പാസായ ഗൗരി, ഹൈക്കോർട്ട് അസിസ്‌റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ പ്ളസ് ടു പരീക്ഷയിൽ കൊല്ലം ജില്ലാ ടോപ്പർ ആയിരുന്നു. ആദ്യ ശ്രമത്തിൽ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയിൽ 63ആം റാങ്ക് നേടിയാണ് ഗൗരി ജോലിയിൽ പ്രവേശിച്ചത്.
സിവിൽ സർവീസ് പരീക്ഷയിലൂടെ ഐഎഎസ് കരസ്‌ഥമാക്കണമെന്നാണ് ഗൗരിയുടെ ആഗ്രഹം. അതിനായുള്ള തീവ്ര പരിശീലനത്തിലാണ്. സ്‌കൂൾ കാലഘട്ടം മുതൽ എഴുത്ത്, മൽസര പരീക്ഷകളിൽ പങ്കെടുത്തതും മുടങ്ങാതെയുള്ള പത്ര വായനയും മൽസര പരീക്ഷകളിൽ നേട്ടം കൊയ്യാൻ സഹായിച്ചുവെന്ന് ഗൗരി പറഞ്ഞു.
പരവൂർ മലയാള മനോരമ ഏജന്റും റോഷ്‌ന ബുക്‌സ് ഉടമയുമായ കുറുമണ്ടൻ ചെമ്പന്റഴികം വീട്ടിൽ സിഎൽ ലാൽജിയുടെയും ഒആർ റോഷ്‌നയുടെയും മകളാണ്. ഒമ്പതാം ക്ളാസ് വിദ്യാർഥിയായ ദേവദത്ത് സഹോദരനാണ്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം