തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം.
പാർട്ടി സസ്‌പെൻഡ് ചെയ്‌ത ആൾക്കൊപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവർക്ക് പരാതി നൽകും. നേമം ഷജീറിന് ഒപ്പമാണ് രാഹുൽ ഇന്നലെ നിയമസഭയിൽ എത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു.
ഇതോടെ പാർട്ടിയുടെ പിന്തുണയോടെയാണ് രാഹുൽ നിയമസഭയിലേക്ക് എത്തിയതെന്ന വ്യാഖ്യാനമുണ്ടായി. ഷജീറിനെതിരെ നടപടിക്ക് പാർട്ടി തയ്യാറാകുമോയെന്ന കാര്യം വ്യക്‌തമല്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ ഇന്നലെ കെപിസിസി അധ്യക്ഷനും തയ്യാറായിരുന്നില്ല.
അതേസമയം, ലൈംഗികാരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയമസഭയിൽ എത്തിയില്ല. വ്യക്‌തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിട്ടുനിൽക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം. സഭയിൽ എത്തേണ്ടതില്ലെന്ന് പാർട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം.
Most Read| ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, നെതന്യാഹു ഉറപ്പ് നൽകി; ട്രംപ്