ധാക്ക: ബംഗ്ളാദേശിൽ കലാപം അതിരൂക്ഷമാകുന്നു. ആക്രമണത്തിൽ യുവ നേതാവിന് വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ് സിക്‌ദറിനാണ് (42) വെടിയേറ്റത്. സിക്‌ദറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയ്‌ക്കാണ് വെടിയേറ്റത്.
ഖുൽനയിലെ സോനാദംഗ മേഖലയിലെ വീട്ടിൽ വെച്ച് ഇന്ന് ഉച്ചയ്‌ക്ക് 12.15ഓടെ അജ്‌ഞാതർ വെടിവയ്‌ക്കുകയായിരുന്നു. നാഷണൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമാണ് ഇദ്ദേഹം.
വെടിവച്ചവരെ പിടികൂടാനായിട്ടില്ല. ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്നാണ് ബംഗ്ളാദേശിൽ വീണ്ടും പ്രക്ഷോഭം രൂക്ഷമായത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ നടത്താനിരിക്കുന്ന തൊഴിലാളി റാലികളുടെ ആസൂത്രണത്തിലായിരുന്നു സിക്‌ദർ.
ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെറീഫ് ഹാദി കഴിഞ്ഞയാഴ്‌ച അക്രമികളുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ബംഗ്ളാദേശിൽ വ്യാപക സംഘർഷം തുടരവേയാണ് വീണ്ടും വെടിവയ്‌പ്പ് ഉണ്ടായത്. ഉസ്‌മാൻ ഹാദിക്ക് ഡിസംബർ 12നാണ് ധാക്കയിൽ വെച്ച് അജ്‌ഞാതരുടെ വെടിയേറ്റത്. തുടർന്ന് സിംഗപ്പൂരിൽ ചികിൽസയിലിരിക്കെ 18നാണ് മരിച്ചത്.
2024ൽ ബംഗ്ളാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്‌താവ് ആയിരുന്നു ഹാദി. വരുന്ന ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബംഗ്ളാദേശിൽ രാജ്യവ്യാപക പ്രക്ഷോഭവും അക്രമവും തുടരുന്നത്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































