കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ നിന്നാണ് ഇവരെ പിടികൂടിയത്. പാലക്കാട് സ്വദേശികളായ അനിൽകുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി അഹമ്മദ് സുനിത് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനർകോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡും ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
രാമനാട്ടുകര ബൈപ്പാസ് ഓവർ ബ്രിഡ്‌ജിന് അടിവശത്തായിരുന്നു ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റിക്കവറി വാനിന്റെ ക്യാബിനിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. റിക്കവറി വാഹനത്തിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തിയതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. എന്നാൽ മൂവരും കഞ്ചാവ് കടത്തിന്റെ ഇടനിലക്കാർ മാത്രമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേസിലെ പ്രധാന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് വകുപ്പ് മേധാവികൾ അറിയിച്ചു.
സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ വിആർ ദേവദാസ്, ഐബി ഇൻസ്പെക്ടർ പ്രജിത്ത് എ, ഐബി പ്രിവന്റീവ് ഓഫീസർമാരായ പ്രജിത്ത് വി, ചന്ദ്രൻ കുഴിച്ചാലിൽ, സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിജുമോൻ ടിപി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത് പി, ബിനീഷ് കുമാർ എഎം, അഖിൽ പി, ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.







































