കോഴിക്കോട്: അതിഥി തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ ഗ്രാമോളം കഞ്ചാവ് പിടികൂടി. മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്‌ദി എന്നിവരെയാണ് കസബ പോലീസും സിറ്റി നാർക്കോട്ടിക്ക് സ്‌ക്വാഡും (ഡൻസാഫ്) ചേർന്ന് നടത്തിയ റെയ്‌ഡിൽ പിടികൂടിയത്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഈ പ്രദേശം ഡൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
ട്രെയിൻ മാർഗം ഒറീസയിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് ഇപ്പോൾ പിടിയിലായതെന്ന് അന്വേഷണ സംഘം പറയുന്നു. ഒറീസയിൽ നിന്നും കിലോ ഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപന നടത്തിയിരുന്നത്.
പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നും ലഹരി വസ്‌തുക്കൾ സൂക്ഷിച്ചു വെച്ചിട്ടുള്ള മറ്റു വാടക വീടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർക്ക് വീടുകൾ വാടകക്ക് നൽകിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എസിപി ടി ജയകുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംസ്‌ഥാന വ്യാപകമായി സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡിഐജി എവി ജോർജ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരമാണ് ജില്ലയിൽ വിവിധ സ്‌ഥലങ്ങളിൽ റെയ്ഡ് നടത്തിയ ത്. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോ ഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്‌തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.
Malabar News: തദ്ദേശവാസികൾ തൽക്കാലം ടോൾ നൽകേണ്ട; പന്നിയങ്കരയിലെ സമരം അവസാനിച്ചു