തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം പറയുന്നു. രണ്ടാം ഘട്ട നൂറ് ദിന കർമ പരിപാടി പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് നൂറുദിന കർമ പരിപാടികൾ സർക്കാർ പ്രഖ്യാപിച്ചത്. നൂറുദിന കർമ പരിപാടിയുടെ രണ്ടാം ഘട്ടം ഡിസംബർ 9നാണ് ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്.
രണ്ടാം ഘട്ടത്തിൽ 10,000 കോടിയുടെ വികസന പദ്ധതികൾ ആരംഭിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 5,700 കോടിയുടെ 526 പദ്ധതികൾ പൂർത്തീകരിച്ച് ഉൽഘാടനം ചെയ്യും. 4,300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. കൂടാതെ, 50,000 പേർക്ക് തൊഴിൽ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ജനുവരി 1 മുതൽ ക്ഷേമ പെൻഷൻ 100 രൂപ വീതം വർധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തും. 183 കുടുംബശ്രീ ഭക്ഷണ ശാലകൾ ആരംഭിക്കും. റേഷൻ കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം തുടരും.
സൗജന്യ പല വ്യഞ്‌ജന കിറ്റ് വിതരണം അടുത്ത നാല് മാസം കൂടി വിതരണം ചെയ്യും. 9 വ്യവസായ പദ്ധതികൾ മാർച്ച് 31ന് മുമ്പ് ഉൽഘാടനം ചെയ്യും. മലബാർ കോഫി പൗഡർ വിപണിയിൽ ഇറക്കും. അവയവദാന ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് സ്‌ഥിരമായി കഴിക്കേണ്ട മരുന്നുകൾ അഞ്ചിലൊന്ന് വിലക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഉൽപാദനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഒന്നാം ഘട്ടത്തിൽ 162 പരിപാടികളാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രകടന പത്രികയിൽ പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറുദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെട്ടത്. കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് പദ്ധതിയും പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം







































