തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ കണ്ടെത്തി. ഇന്നലെ രാത്രി 10.15നാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്‌പ്രസിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.
കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആർപിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ് ലൈനിന് കൈമാറുമെന്നാണ് വിവരം. തസ്‌മീത് തംസുവിനായുള്ള തിരച്ചിൽ വ്യാപകമായിരുന്നു. കാണാതായി 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തെ ഏൽപ്പിക്കുക.
കുട്ടിക്ക് കൗൺസലിങ് ഉൾപ്പടെ നൽകും. ട്രെയിനിന്റെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. രണ്ടു ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ചെറിയ ബാഗിൽ വസ്‌ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.
അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജൻമ ദേശമായ അസമിലേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞു. ആർപിഎഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോഗസ്‌ഥർ വാങ്ങി നൽകി. കുട്ടിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല.
മകളെ തിരിച്ചുകിട്ടിയതിൽ സന്തോഷമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. രണ്ടു ദിവസമായി വിശന്നിരുന്ന കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. എന്തിനാണ് വീട് വിട്ടതെന്ന പിതാവിന്റെ ചോദ്യത്തിന് അമ്മ തല്ലിയതിനാലാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇനി തല്ലില്ലെന്ന് പിതാവ് പറഞ്ഞു. ഫോണിലൂടെ മകളെ ആശ്വസിപ്പിച്ചായിരുന്നു മാതാപിതാക്കൾ സംസാരിച്ചത്. കേരളത്തിന് നന്ദിയെന്നും മാതാപിതാക്കൾ പറഞ്ഞു.
Most Read| എംപോക്‌സ്: സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്