ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് തിരിച്ചു വരുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഫ്‌ഗാനിൽ നിന്ന് എത്തുന്നവർ ഡെൽഹിക്ക് സമീപമുള്ള ഐടിബിപിയുടെ ക്യാംപിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്നിൽ കഴിയേണ്ടിവരുമെന്ന് കേന്ദ്രം അറിയിച്ചു. കാബൂളിൽ നിന്ന് തിങ്കളാഴ്‌ച ഡെൽഹിയിൽ എത്തിയ 146 പേരിൽ രണ്ട് പേർ കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം.
ചൊവ്വാഴ്‌ച വരെ 228 ഇന്ത്യക്കാരും 77 അഫ്‌ഗാൻ സിഖുകാരും ഉൾപ്പടെ 626 പേരെ ഇന്ത്യ രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്നും രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. രക്ഷാദൗത്യത്തിന്റെ ഭാഗമായി താജികിസ്‌ഥാനിൽ എത്തിച്ച 78 ഇന്ത്യക്കാരെ ഇന്ന് ഡെൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ മലയാളിയായ സിസ്‌റ്റർ തെരേസ ക്രസ്‌റ്റയും ഉൾപ്പെടുന്നുണ്ട്.
കൂടാതെ ഇന്ന് ഇന്ത്യയിലെത്തിയ ആളുകളിൽ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ 8 അംഗങ്ങളും ഉണ്ട്. ഒപ്പം ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ ആളുകളെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും, വി മുരളീധരനും, ബിജെപി നേതാക്കളും എത്തിയിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന ഗുരു ഗ്രന്ഥസാഹിബിന്റെ പകർപ്പ് ആചാരപരമായി മന്ത്രിമാർ ഏറ്റുവാങ്ങി. തുടർന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ നേതൃത്വത്തിൽ പകർപ്പുകൾ വിമാനത്താവളത്തിന് പുറത്തെത്തിച്ചു.
Most Read: കൂലി ചോദിച്ചു; ബിഹാറില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു