പാലക്കാട്: ജില്ലയിലെ ഈറോഡിൽ പട്ടാപകൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ നാലുപേർ അറസ്‌റ്റിൽ. ഈറോഡ് സ്വദേശികളായ വിജയകുമാർ (41), ധർമരാജ് (37), രാജ (42), നാമക്കൽ ജില്ലയിലെ വെപ്പടയിൽ താമസിക്കുന്ന ഗൗരിശങ്കർ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25ന് പട്ടാപ്പകലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഈറോഡ് കരിങ്കൽപാളയം കുയിലാംതോപ്പ് മൂന്നാമത് വീഥിയിൽ താമസക്കാരനായ ശിവസുബ്രമഹ്ണ്യത്തെ ആണ് പ്രതികൾ കവർച്ച നടത്തിയത്.
ഈറോഡ് നഗരത്തിലെ വിഒസി പാർക്കിൽ രാവിലെ പതിവായുള്ള നടത്തം കഴിഞ്ഞ് വരുന്നതിനിടെയാണ് കാറിലെത്തിയ ഏഴംഗ സംഘം ഇയാളെ ബലമായി പിടിച്ചു കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് 15 ലക്ഷം രൂപ തരണം, ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഭീഷണിയിൽ ഭയന്ന വ്യാപാരി സുഹൃത്തുമായി ബന്ധപ്പെട്ട് പണം പ്രതികൾക്ക് കൈമാറുകയായിരുന്നു. അന്തിയൂർ സർക്കാർ ആശുപത്രിക്ക് സമീപത്തെത്തിയാണ് സുഹൃത്ത് പണം കൈമാറിയത്. തുടർന്ന് കവർച്ചാ സംഘം ഇരുവരെയും അവിടെനിന്ന് പെരുന്തുറയിൽ കൊണ്ടുവന്ന് ഇറക്കിവിട്ടു.
വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഈ വിവരം ഇരുവരും ആരോടും പറഞ്ഞില്ല. എന്നാൽ, കവർച്ചക്കാർ പണം ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് വ്യാപാരി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ജില്ലാ സൂപ്രണ്ട് ശശിമോഹൻ കവർച്ചക്കാരെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. പള്ളിപാളയത്തെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് നാലുപേരെയും പിടികൂടിയത്. മൂന്ന് പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Most Read: യുവാവിന് നേരെ ഗുണ്ടാ ആക്രമണം; പോലീസ് അലംഭാവം കാണിച്ചെന്ന് നാട്ടുകാർ





































