പാലക്കാട്: ജില്ലയിൽ സ്‌ഥിരമായി കവർച്ച നടത്തിവന്ന കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡി, തഞ്ചാവൂർ ഭൂതല്ലൂർ അഖിലാണ്ടേശ്വരി നഗർ സെൽവിപാണ്ഡ്യൻ എന്നിവരാണ് ബുധനാഴ്‌ച പോലീസ് പിടിയിലായത്. 15ഓളം കവർച്ചകലാണ് ഇവർ പാലക്കാട് ജില്ലയിൽ നടത്തിയത്.
കുറുവാ സംഘത്തെക്കുറിച്ച് വാർത്തകൾ പരന്നപ്പോൾ ആദ്യം അത് നിഷേധിച്ച ജില്ലാ പോലീസ് പിന്നീടാണ് ഇവരുടെ സാന്നിധ്യം തിരിച്ചറിയുന്നത്. തമിഴ്‌നാട്ടിൽനിന്ന് പകൽ ബസിൽ യാത്ര ചെയ്‌ത് മോഷണം നടത്താനുള്ള സ്‌ഥലത്തെത്തും. മോഷണശേഷം കമ്പം, തേനി, തഞ്ചാവൂർ പ്രദേശത്തേക്ക് പോകും. ചെറിയ ഇടവേളക്ക് ശേഷം ആനമലയിൽ ഒത്തുകൂടിയാണ് കേരളത്തിലേക്ക് അടുത്ത മോഷണത്തിനായി വരികയെന്ന് പോലീസ് കണ്ടെത്തി.
ഒരേ മൊബൈൽ നമ്പർ ഉപയോഗിക്കില്ല. മോഷണത്തിന് പോകുമ്പോൾ താമസസ്‌ഥലത്ത് ഫോൺ ഓഫ് ചെയ്‌തുവെക്കും. മോഷണത്തിന് ശേഷം തിരിച്ചെത്തി കുറച്ചുദിവസം കൂടി കഴിഞ്ഞേ ഫോൺ ഓണാക്കൂ. ഒരുസ്‌ഥലത്ത് മോഷണം നടത്തിയാൽ തൊട്ടടുത്ത ദിവസവും അതിനുസമീപം മോഷണം നടത്തുന്നതും ഇവരുടെ രീതിയാണ്.
ഈ രീതികൾ കൃത്യമായി മനസിലാക്കിയതോടെ ഇവരെ പിടികൂടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചതായി ഡിവൈഎസ്‌പി കെഎം ദേവസ്യ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിച്ചു. വടക്കഞ്ചേരിയിൽ നിന്ന് ലഭിച്ച മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യം അന്വേഷണത്തിന് ഏറെ സഹായകമായി.
തമിഴ്‌നാട്ടിൽ സംഘം തങ്ങുന്ന കേന്ദ്രങ്ങളിലെത്തി സിസിടിവി ദൃശ്യവുമായി സാമ്യമുള്ളവരെ അന്വേഷണസംഘം നിരീക്ഷിച്ചു. മോഷണംനടന്ന ദിവസങ്ങളിലും അടുത്ത ദിവസങ്ങളിലും കോളുകൾ സ്വീകരിക്കാത്ത ഫോൺനമ്പറുകൾ സൈബർസെൽ നിരീക്ഷിച്ചു. ആനമലയിൽ മോഷ്‌ടാക്കൾ അടുത്ത ശ്രമത്തിനായി ഒത്തുകൂടിയത് മനസിലാക്കി തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് മൂന്ന് പേരെ പിടികൂടിയത്.
Most Read: സംരംഭകയുടെ വീട് ജപ്‌തി ചെയ്‌ത സംഭവം; ഇടപെട്ട് രാഹുൽ ഗാന്ധി







































