അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയിൽ കൂട്ട രാജി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 ബിജെപി മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.39ന് നടക്കും.
വരാനിരിക്കുന്ന തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പുകൾ, ആംആദ്‌മി പാർട്ടിയുടെ (എഎപി) വർധിച്ചുവരുന്ന സ്വാധീനം, സാമൂഹിക സമവാക്യങ്ങൾ എന്നിവ കണക്കിലെടുത്താണ് മന്ത്രിസഭയുടെ വികസനമെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട് ചെയ്യുന്നത്.
ധർമേന്ദ്ര സിങ്, ഋഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്ര സിങ് ചുഡാസമ തുടങ്ങിയ മന്ത്രിമാർ തങ്ങളുടെ സ്‌ഥാനങ്ങൾ നിലനിർത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പടെ 17 മന്ത്രിമാരാണ് നിലവിൽ ഗുജറാത്ത് മന്ത്രിസഭയിൽ ഉള്ളത്. ഇതിൽ എട്ടുപേർ കാബിനറ്റ് പദവിയിലുള്ളവരും അത്രയും പേർ തന്നെ സഹമന്ത്രിമാരുമാണ്.
182 അംഗ നിയമസഭയുള്ള ഗുജറാത്തിൽ, സഭയുടെ ആകെ അംഗബലത്തിന്റെ 15 ശതമാനം വരെ, അതായത് പരമാവധി 27 പേർക്ക് വരെ മന്ത്രിമാരാകാം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. എല്ലാ ബിജെപി എംഎൽഎമാരോടും വ്യാഴാഴ്‌ചയോടെ ഗാന്ധിനഗറിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം ഗുജറാത്ത് സർക്കാരിലെ സഹമന്ത്രിയായിരുന്ന ജഗ്‌ദീപ് വിശ്വകർമ, കേന്ദ്രമന്ത്രി സിആർ പാട്ടീലിന് പകരമായി ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനായി ചുമതലയേറ്റിരുന്നു. ഭൂപേന്ദ്ര പട്ടേൽ 2022 ഡിസംബർ 12നാണ് രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!