ന്യൂഡെൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ആരെന്നതിൽ സമവായമായില്ല. എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ സഖ്യത്തിന് വേണ്ടി കൊടിക്കുന്നിൽ സുരേഷും സ്പീക്കർ സ്ഥാനത്തിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശം നൽകാനുള്ള സമയപരിധി അവസാനിക്കും. ആദ്യമായാണ് ഒരു സ്പീക്കർ സ്ഥാനത്തേക്ക് മൽസരം നടക്കുന്നത്.
മുന്നണികൾ തമ്മിൽ സമവായത്തിൽ എത്തുകയാണ് പതിവ്. എന്നാൽ, ഇത്തവണ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജു എന്നിവർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടുതവണയായി സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഓം ബിർല മൂന്ന് തവണയായി രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള സ്ഥാനാർഥിയായിരുന്നു.
എന്നാൽ, കഴിഞ്ഞ സഭയിൽ പ്രതിപക്ഷവുമായി ഒട്ടും ആരോഗ്യകരമായ സമീപനമായിരുന്നില്ല അദ്ദേഹം പുലർത്തിയത്. സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിലും ടിഡിപിയിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെങ്കിലും സ്ഥാനം മുഖ്യകക്ഷിയായ ബിജെപി നിലനിർത്തുകയായിരുന്നു. അതിനിടെ, ലോക്സഭാ സ്പീക്കറെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഭരണകക്ഷിയായ എൻഡിഎയുടെ സ്പീക്കർ സ്ഥാനാർഥി ഓം ബിർലയെ പ്രതിപക്ഷം പിന്തുണക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നിലപാട് സർക്കാർ പ്രതിനിധി രാജ്നാഥ് സിങ്ങിനെ അറിയിച്ചതായും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read| അഞ്ചുവർഷത്തെ ജയിൽവാസം; വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ജാമ്യം