കൽപ്പറ്റ: കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിന് കാരണമായതായി നാട്ടുകാർ പരാതിപ്പെട്ടു.
പാൽ വാങ്ങാനായി വീടിന് താഴെയുള്ള റോഡിൽ നിൽക്കുകയായിരുന്ന കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമി- ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19) ആണ് മരിച്ചത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം.
ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിനിയാണ്. അമിത വേഗത്തിലാണ് ക്രൂയീസർ ജീപ്പെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികിൽ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പിൽ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്‌ടമായി ദിൽഷാനയെ ഇടിച്ചത്. അമിതവേഗം ഉണ്ടായിരുന്നതു കൊണ്ടുതന്നെ പൈപപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
ആവശ്യത്തിന് വീതിയില്ലാത്ത റോഡരികിൽ ഇത്തരത്തിൽ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്‌ഥരുമാണ് ദാരുണ സംഭവത്തിൽ ഉത്തരവാദികളെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗൾഫിലുള്ള ദിൽഷാനയുടെ പിതാവ് നാട്ടിലേക്ക് തിരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്.
Most Read| അതിജീവനം ഒരു കുടക്കീഴിൽ; ബെയ്‌ലി കുടകളും ബാഗുകളും വിപണിയിലെത്തിച്ച് വനിതകൾ