കോഴിക്കോട് : ജില്ലയിലെ വടകര സാന്‍ഡ് ബാങ്ക്സ് വികസനത്തിനായി രണ്ടരക്കോടി രൂപ ചിലവഴിക്കും. സാന്‍ഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നും ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജുമായി ബന്ധപ്പെടുത്തി ഒരുക്കുന്ന ബോട്ട് സര്‍വീസ് ഉള്‍പ്പടെയുള്ള വികസനത്തിനാണ് ഇപ്പോള്‍ രണ്ടരക്കോടി രൂപ ചിലവഴിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് ഇവിടെ ബോട്ട് ജെട്ടി കൂടി നിര്‍മിക്കും.
ബോട്ട് സര്‍വീസിനൊപ്പം തന്നെ ഓപ്പണ്‍ ജിം, നടപ്പാത എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൂടാതെ എല്ലാ വഴിവിളക്കുകളും തെളിക്കാനും, ജലവിതരണത്തിനായി പമ്പ് റൂം, മോട്ടോര്‍ സൗകര്യം, കൂടാതെ മരാമത്ത് പണികള്‍ എന്നിവയും ഇപ്പോള്‍ അനുവദിച്ച തുകയില്‍ നിന്നും നടപ്പാക്കും. ഒരു മാസത്തിനുള്ളില്‍ നിര്‍മാണ ജോലികള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
പ്രദേശത്ത് ഹോട്ടലുകള്‍ കുറവായതിനാല്‍ തന്നെ ഇവിടെ എത്തുന്ന ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇവിടെ പണി പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ചെയ്ത റെസ്റ്റോറന്റ് ഒരു മാസത്തിനകം തുറക്കുന്നതിനാൽ അതിനും ഒരു പരിഹാരം ഉണ്ടാകും. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയും ഈടാക്കും. ഈ തുക ജീവനക്കാരുടെ വേതനത്തിനും മറ്റുമായി ചിലവാക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
Read also : ഭൂമി കൈയ്യേറ്റം; വെള്ളാറമ്പാറമല ശ്മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു







































