മലപ്പുറം : ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണം പോലീസ് പിടികൂടി. 2.58 കോടി രൂപയാണ് കൂട്ടിലങ്ങാടിയിൽ നടന്ന വാഹനപരിശോധനക്കിടെ പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് കോഴിക്കോട് ഉണ്ണികുളം സ്വദേശി ആലപ്പടിക്കൽ റഫീഖിലി(35)യെ പോലീസ് അറസ്റ്റ് ചെയ്തു.
കാറിന്റെ രഹസ്യ അറയിലാണ് ഇയാൾ 2000, 500 എന്നിവയുടെ നോട്ടുകെട്ടുകളായി പണം സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വഴി ചെന്നൈയിലേക്കാണ് പണം കടത്താൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു കൂട്ടിലങ്ങാടി പാലത്തിനു സമീപം പോലീസ് പരിശോധന നടത്തിയത്.
പിടികൂടിയ നോട്ടുകെട്ടുകളിൽ വ്യാജനോട്ടുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ ഉള്ള പണമാണോ ഇതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മലപ്പുറം സിഐ കെ പ്രേംസദൻ, പ്രിൻസിപ്പൽ എസ്ഐ ബിബിൻ പി നായർ, എസ്ഐമാരായ എം മുഹമ്മദാലി, എസ് ഉമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്.
Read also : ആസ്ട്രസെനക വാക്സിൻ വിതരണം കാനഡ താല്ക്കാലികമായി നിർത്തിവച്ചു






































