ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള പാക്കിസ്‌ഥാന്റെ പദ്ധതി തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ഡെൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഇതിനായി വിദഗ്‌ധ പരിശീലനം ലഭിച്ച രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതോടെയാണ് പദ്ധതി പൊളിഞ്ഞത്.
നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി, റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരാണ് അറസ്‌റ്റിലായത്. കഴിഞ്ഞ മൂന്നുമാസമായി നടക്കുന്ന അന്വേഷണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അറസ്‌റ്റിലായവർക്കെതിരായ കുറ്റപത്രം ഡെൽഹിയിലെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ജനുവരിയിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകൾ, ചിത്രങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാൾ സ്വദേശി ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച രഹസ്യവിവരം. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേർ അറസ്‌റ്റിലായത്.
ഡെൽഹിയിലെ സൈനിക ക്യാമ്പുകൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാക്കിസ്‌ഥാനിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അൻസാരി എന്ന നേപ്പാൾ സ്വദേശി അറസ്‌റ്റിലായത്. ഇയാൾക്ക് ഡെൽഹിയിൽ സഹായങ്ങൾ ചെയ്‌തുനൽകിയത് റാഞ്ചി സ്വദേശിയാണെന്നും കണ്ടെത്തി. തുടർന്നാണ് ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഖത്തറിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഐഎസ്‌ഐ അൻസാരിയെ റിക്രൂട്ട് ചെയ്‌തത്. 2024ൽ പാക്കിസ്‌ഥാനിലെ റാവൽപണ്ടിയിൽ എത്തിച്ച് ഇയാൾക്ക് പരിശീലനം നൽകുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ, ഡെൽഹിയിലെ പാക്കിസ്‌ഥാൻ ഹൈക്കമ്മീഷൻ ഓഫീസുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥരായ മുസമ്മിൽ, ഡാനിഷ് എന്നിവർക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വിവരം. പിടിയിലായ എഎസ്ഐ ഏജന്റുമാർക്ക് ചില ഇന്ത്യൻ യൂട്യൂബർമാരുമായും ബന്ധമുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്‌ഥൻ ഡാനിഷിന് പിടിയിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി