കൊച്ചി: രണ്ടുവയസുകാരി പൂജയും കുടുംബവും അതിമനോഹരമായ പിറന്നാള്‍ സമ്മാനത്തിന്റെ ആനന്ദത്തിലാണ്. ഒരുപക്ഷേ, ഒരു ജൻമദിനത്തിൽ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകാത്ത സമ്മാനത്തിനാണ് പൂജ അർഹയായത്.
ജനിച്ചതിന് ശേഷം, ആദ്യമായി ശബ്ദം കേട്ട അമ്പരപ്പും കൗതുകവുമെല്ലാം രണ്ടുവയസുകാരിയുടെ കണ്ണുകളില്‍ മിന്നിമറയുമ്പോൾ ആശുപത്രി അധികൃതർക്കൊപ്പം പൂജയുടെ മാതാപിതാക്കളായ കാസര്‍ഗോഡ് രാജപുരം സ്വദേശി ഗിരീശനും നീതുമോളും സാക്ഷികളായിരുന്നു.
ജൻമനാ കുഞ്ഞിന് കേൾവി ശേഷി ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കുട്ടിയുടെ സംസാരശേഷി വികസിക്കുകയും ചെയ്‌തിരുന്നില്ല. പരിഹാരമായി മുന്നിലുണ്ടായിരുന്നത് ‘കോക്‌ളിയർ ഇമ്പ്ളാന്റേഷൻ‘ എന്ന ചികിൽസാ രീതിയാണ്. അതിനാണെങ്കിൽ പത്തുലക്ഷം രൂപയോളം ചെലവ് വരുമെന്നറിഞ്ഞ പാവപ്പെട്ട കുഞ്ഞിന്റെ കുടുംബം മാനസികമായി തകര്‍ന്നിരുന്നു.
സർക്കാരിന് കീഴിലുള്ള ചികിൽസാ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും അത് സാധ്യമാകുമോ ഇല്ലയോ, സാധ്യമായാൽതന്നെ എന്നത്തേക്ക് ആകുമെന്നുപോലും അറിയാത്ത സാഹചര്യത്തിലായിരുന്നു കുടുംബം. ഇത്തരത്തിലുള്ള പലശ്രമങ്ങൾക്ക് ശേഷമാണ് ലിസി ആശുപത്രിയുടെ ‘ലിസ് ശ്രവണ്‍’ എന്ന സൗജന്യ ചികിൽസാ പദ്ധതിയിൽ അപേക്ഷിച്ചത്.

അപേക്ഷ സ്വീകരിച്ച ലിസി അധികൃതരുടെ നിർദ്ദേശമനുസരിച്ച് കുട്ടിയുമായി കുടുംബം ആശുപത്രിയിൽ എത്തുകയും തുടർന്ന് ‘കോക്‌ളിയർ ഇമ്പ്ളാന്റ്’ സര്‍ജന്‍ ഡോ. മേഘാ കൃഷ്‍ണന്റെ നേതൃത്വത്തിൽ ശസ്‌ത്രക്രിയയിലേക്ക് കടക്കുകയുമായിരുന്നു. നിർധന കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കിയ ലിസി ആശുപത്രി മാനേജ്‌മെന്റ് ശസ്‌ത്രക്രിയയും ബന്ധപ്പെട്ട ചികിൽസയും പൂർണമായും സൗജന്യമാക്കാൻ ഉത്തരവ് ഇറക്കിയതോടെ കുടുംബത്തിന് ചികിൽസാ ബാധ്യത ഒഴിവാകുകയും ചെയ്‌തു.
രണ്ടാഴ്‌ച മുമ്പാണ് 5 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിന് ഇമ്പ്ളാന്റ് ഘടിപ്പിച്ചത്. മുറിവുണങ്ങാനുള്ള സമയം പിന്നിട്ട കുഞ്ഞിന്, പിറന്നാള്‍ ദിനമായ ഇന്നലെ (26 ജൂലൈ 2025, ശനി) ശബ്‌ദം കേൾക്കാനുള്ള സ്വിച്ച് ഓൺ കർമം നടത്തുകയായിരുന്നു. ഭാഗ്യവശാൽ പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ, കുഞ്ഞിന് ശബ്‌ദം കേൾക്കാനും പ്രതികരിക്കാനുമായി.

‘കോക്‌ളിയർ ഇമ്പ്ളാന്റ്’ ഇഎന്‍ടി വിഭാഗത്തിലെ ഡോ. റീന വര്‍ഗീസ്, ഡോ. ഫ്രാങ്കി ജോസ്, ഡോ. ദിവ്യ മോഹന്‍, ഡോ. ജോസഫ് മാത്യു എന്നിവരും ശിശുരോഗ വിഭാഗം തലവന്‍ ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരും അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ. കെ രാജീവിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരും, റേഡിയോളജി വിഭാഗം തലവന്‍ ഡോ. അമല്‍ ആന്റണി, ഡോ. സുശീല്‍ എലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഡോക്‌ടര്‍മാരും, ഇമ്പ്ളാന്റ് ഓഡിയോളജിസ്‌റ്റ് ഗൗരി രാജലക്ഷ്‌മിയുടെ നേതൃത്വത്തിലുളള സംഘവും ചികിൽസയുടെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായി.
ആശുപത്രിയിൽ വെച്ച് നടന്ന ജൻമദിനാഘോഷത്തിൽ ഡോ. മേഘ കൃഷ്‌ണൻ, കുട്ടിയുടെ അമ്മ നീതുമോൾ, ആശുപത്രി ഡയറക്‌ടർ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്‌ടർമാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി. ഡയറക്‌ടർമാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
Health News| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം