ന്യൂഡെൽഹി: വ്യാജ ജോലി വാഗ്‌ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തായ്‌ലൻഡിലെ മായെ സോട്ടിൽ നിന്ന് ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനത്തിലാണ് ഇവരെ തിരികെ എത്തിച്ചത്. വ്യാജ തൊഴിൽ വാഗ്‌ദാനങ്ങൾ നൽകി മ്യാൻമർ ഉൾപ്പടെയുള്ള തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
തൊഴിലിന്റെ മറവിൽ മനുഷ്യക്കടത്ത് ഉൾപ്പടെ വർധിച്ചുവരുന്നതായും ഇത്തരം സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരൻമാരെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നുള്ള ജോലി വാഗ്‌ദാനങ്ങൾ സ്വീകരിക്കുന്നതിന് മുമ്പായി റിക്രൂട്ടിങ് ഏജന്റിന്റെയും കമ്പനികളുടെയും വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി