കോഴിക്കോട്: വടകര പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെഎം ഹരിദാസൻ, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പ്രവർത്തകനായ ബിബേഷ് എന്നിവർക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുരണ്ടുപേരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ അർധരാത്രി 12 മണിയോടെ പുതുപ്പണം വെളുത്തമല വായനശാലയ്‌ക്ക് മുന്നിലായിരുന്നു സംഭവം.
വായനശാലയുടെ മേൽക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തകർന്ന ഷീറ്റ് മാറ്റുന്നത് സംബന്ധിച്ച് കുറച്ചുദിവസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഷീറ്റ് മാറ്റിയാൽ തൊട്ടടുത്ത വീടിന് നാശനഷ്‌ടം ഉണ്ടാകുമെന്ന് പറഞ്ഞതായിരുന്നു തർക്കത്തിന് കാരണം.
ഇതേത്തുടർന്ന് പ്രദേശത്ത് പോലീസ് രാത്രികാല പട്രോളിങ്ങും ശക്‌തമാക്കിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്‌ച അർധരാത്രി ഒരു സംഘമെത്തി സിപിഎം പ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പുതുപ്പണത്ത് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. വൈകീട്ട് അഞ്ചുമണിവരെയാണ് ഹർത്താൽ.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!