16 മണിക്കൂർ കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ത്രെഡ്സ് ആപ്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് ആൻഡ്രോയിഡിലും ഐഫോണിലും എത്തിയതോടെ 16 മണിക്കൂറിനുള്ളിൽ മൂന്നു കോടിയോളം ഉപയോക്താക്കളെ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ട്വിറ്ററിന് സമാനമായി ടെസ്റ്റ് അടിസ്ഥാനമായ ത്രെഡ്സ് ഇൻസ്റ്റാഗ്രാമുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഒറ്റനോട്ടത്തിൽ ട്വിറ്റർ ആണെന്ന് തോന്നിക്കുന്ന ത്രെഡ്സ് ആപ്, ശൈലിയിലും പ്രവർത്തനത്തിലുമെല്ലാം ട്വിറ്ററിന്റെ അനുകരണമാണ്. ട്വിറ്റർ പോസ്റ്റിനെ ട്വീറ്റ് എന്ന് വിളിക്കുമ്പോൾ ത്രെഡ്സിലെ ഓരോ പോസ്റ്റും ഓരോ ത്രെഡ് ആണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ളവർക്ക് ത്രെഡ്സിൽ യൂസർ നെയിം ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നുണ്ട്.
പുതിയ ഉപയോക്താക്കൾ ആദ്യം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങണം. അതിന് ശേഷം ത്രെഡ്സിൽ ആ യൂസർ നെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. ഇൻസ്റ്റാഗ്രാം വെരിഫൈഡ് അക്കൗണ്ടുകൾ ത്രെഡ്സിലും വെരിഫൈഡ് ആയി തുടരും. അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാമെങ്കിലും ഡിലീറ്റ് ചെയ്യണമെങ്കിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യണം.
ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിഷ്കാരങ്ങളിൽ മനംമടുത്ത ട്വിറ്റർ ഉപഭോക്താക്കളെയാണ് ത്രെഡ്സ് ലക്ഷ്യം വെക്കുന്നത്. ട്വിറ്ററിനുള്ള വെല്ലുവിളിയാണെന്ന് സൂചിപ്പിക്കാൻ സ്പൈഡർമാൻ വേഷം ധരിച്ച രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടുന്ന ചിത്രം സക്കർബർഗ് ട്വീറ്റ് ചെയ്തിരുന്നു. 2012ന് ശേഷമുള്ള സക്കർബർഗിന്റെ ആദ്യ ട്വീറ്റായിരുന്നു അത്. പോപ്പ് താരങ്ങളായ ഷക്കീറ, ജെനിഫർ ലോപ്പസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തുടങ്ങിയവർ ആദ്യ ദിനം തന്നെ ത്രെഡ്സ് ഉപയോഗിച്ച് തുടങ്ങി.
2019 ഒക്ടോബറിൽ മെറ്റ മറ്റൊരു ലോഗോയുമായി ത്രെഡ്സ് ആപ് പുറത്തിറക്കിയെങ്കിലും ശ്രദ്ധിക്കപ്പെടാതെ വന്നതോടെ 2021 ഡിസംബറിൽ പിൻവലിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ത്രെഡ്സ് പൂർവാധികം ശക്തിയോടെ മടങ്ങി വന്നത്. 2006ൽ പ്രവർത്തനം ആരംഭിച്ച ട്വിറ്ററിൽ 35 കോടി ഉപയോക്താക്കളാണുള്ളത്. 200 കോടി ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമിൽ നിന്ന് നേരിട്ട് പ്രവേശിക്കാമെന്നതാണ് ത്രെഡ്സിന്റെ വളർച്ചാ സാധ്യതയായി കണക്കാക്കുന്നത്.
Most Read: മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലെ റെയ്ഡ് അതിരുവിട്ടത്; കോം ഇന്ത്യ






































