ആലപ്പുഴ : മൂന്നു ദിവസത്തിനിടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത് 31 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയാണ് 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്ത്തകരല്ല. ഇവര്‍ ആശുപത്രിയിലെ മറ്റ് ജീവനക്കാരുമായും സമ്പര്‍ക്കത്തിലായിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ ആയ മറ്റുള്ളവര്‍ കൂടി നിരീക്ഷണത്തില്‍ പോകുന്നതോടെ ആശുപത്രി പ്രവര്‍ത്തനങ്ങളെ അവ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിടാനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ജീവന് രക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. 865 വെന്റിലേറ്ററുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി പുതുതായി വാങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ ആംബുലന്സിലടക്കം ഓക്സിജന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ ഐസിയുകളും സജ്ജമാക്കിയിട്ടുണ്ട്.









































