തൃശൂർ: ജില്ലയിൽ 5 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചാവക്കാട് തൊട്ടാപ്പ് സ്വദേശി പുതുവീട്ടിൽ സെയ്തു മുഹമ്മദ്(47) നെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ 2017ലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
2017 ഫെബ്രുവരി രണ്ടിനും അതിന് മുൻപും പലതവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ അയൽവാസിയായ പെൺകുട്ടിയെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കാനായി വീട്ടിലെത്തിയപ്പോഴും പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പുറത്തു പറയാതിരിക്കാൻ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പീഡനവിവരം അമ്മയോട് വ്യക്തമാക്കിയത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു.
Read also: 6 വർഷമായി കേരളത്തിൽ ഇന്ധനനികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി







































