കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുമ്പോൾ ഇതുവരെയുള്ള യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. നിലവിൽ റഷ്യ- യുക്രൈൻ യുദ്ധം ഏഴാം ദിവസവും ശക്‌തമായ ആക്രമണവുമായി തുടരുകയാണ്.
അതേസമയം ഖാർക്കീവിൽ റഷ്യൻ സൈന്യം ഇന്ന് നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 112 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവിടുത്തെ സൈനിക അക്കാദമിക്കും, ആശുപത്രിക്കും നേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തി. പാരച്യൂട്ടുകളില്‍ റഷ്യന്‍ സൈന്യം നഗരത്തിലിറങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തിന് പിന്നാലെ ഖേഴ്‌സൺ നഗരം റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണ്. ഖേഴ്‌സണിലെ നദീ തുറമുഖവും, റെയിൽവേ സ്‌റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്‌തു. നിലവിൽ ഖർക്കീവിൽ ശക്‌തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഖർക്കീവിനൊപ്പം സുമിയിലും റഷ്യ ആക്രമണം ശക്‌തമാക്കുന്നുണ്ട്. ഇവിടങ്ങളിൽ ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
Read also: പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു







































