തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ന് മുതൽ കലയുടെ ആരവമുയരും. 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉൽഘാടനം ചെയ്യും.
44 വിദ്യാർഥിനികൾ പങ്കെടുക്കുന്ന നൃത്തശിൽപ്പത്തോടെയാണ് ചടങ്ങുകൾ തുടങ്ങുക. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടത്തോടെ വേദികൾ ഉണരും. ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല സ്‌കൂളിലെ വിദ്യാർഥികളുടെ നൃത്തവും ഉൽഘാടന ചടങ്ങിൽ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മൽസരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും.
ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തം, ഒപ്പന, ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളി എന്നിവ ആദ്യദിനം തന്നെ വേദിയിലെത്തും. സ്‌കൂൾ കലോൽസവത്തിന്റെ ജേതാക്കൾക്കുള്ള സ്വർണക്കപ്പും തലസ്‌ഥാനത്ത് എത്തി. ഇനി അഞ്ചുനാൾ കലയുടെ മാമാങ്കത്തിന് തലസ്‌ഥാനം സാക്ഷ്യം വഹിക്കും.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം