‘ബിരിയാണി’ പ്രിയരാണ് പൊതുവെ ഇന്ത്യക്കാർ എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം ബിരിയാണി ഓർഡർ ചെയ്യുന്നുവെന്നാണ് വാർഷിക റിപ്പോർട്ടിലുള്ളത്.
ഒരു ബിരിയാണിക്ക് എത്രയാണ് വിലയെന്ന് ഏറെക്കുറെ നമുക്കറിയാം. പല സ്‌ഥലത്തും പല വിലയായിരിക്കും ഈടാക്കുക. എന്നാൽ, ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണിയുടെ വില എത്രയാണെന്ന് അറിയാമോ? പ്ളേറ്റിന് 20,000 രൂപയോളം വരും. കേൾക്കുമ്പോൾ അൽഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ദുബായിലെ ഒരു ഇന്ത്യൻ റെസ്‌റ്റോറന്റ് നൽകുന്ന ബിരിയാണിയുടെ വിലയാണിത്.
‘റോയൽ ഗോൾഡ് ബിരിയാണി’ എന്നാണിതിന്റെ പേര്. ഇതിൽ ഭക്ഷ്യയോഗ്യമായ സ്വർണമൊക്കെയുണ്ട് കേട്ടോ. മൂന്ന് കിലോയോളം ചോറുൾപ്പെടുന്നതാണ് ഈ ബിരിയാണി. 14,000 കിലോയാണ് ലോകത്തിലെ ഏറ്റവും വലിയ ബിരിയാണിയുടെ ആകെ ഭാരം. 2008ൽ ന്യൂഡെൽഹിയിലാണ് ഈ വമ്പൻ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത്.
60 പാചകക്കാർ ന്യൂഡെൽഹി സ്പോർട്‌സ് സ്‌റ്റേഡിയത്തിൽ ഒരുക്കിയ വലിയ പാത്രങ്ങളിലാണ് ബിരിയാണി തയ്യാറാക്കിയത്. മൂന്നടി പൊക്കമുള്ള ഫർണസിലായിരുന്നു ബിരിയാണി തിളച്ചത്. അഗ്‌നിരക്ഷ നൽകുന്ന പ്രത്യേക വസ്‌ത്രങ്ങൾ അണിഞ്ഞാണ് പാചകക്കാർ അണിനിരന്നത്. പാത്രത്തിന് 16 അടി പൊക്കമുണ്ടായിരുന്നു. ആറുമണിക്കൂർ സമയം ഈ ബിരിയാണിയുടെ പാചകത്തിനായി വേണ്ടിവന്നു.
3000 കിലോ ബസ്‌മതി അരി, 85 കിലോ മുളക്, 1200 ലിറ്റർ എണ്ണ, 3650 കിലോ പച്ചക്കറികൾ ഇതിനായി ഉപയോഗിച്ചു. 86 കിലോ ഉപ്പും ഇതിലേക്കിട്ടു. 6000 ലിറ്റർ വെള്ളമാണ് ബിരിയാണിയിലേക്ക് ഒഴിച്ചത്. അരിയും മറ്റ് വസ്‌തുക്കളും ബിരിയാണിയിലേക്ക് ഇടനാഴി ക്രെയിനും ഉപയോഗിച്ചിരുന്നു. ‘ബിരിയാൻ’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ‘ബിരിയാണി’ എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്.
പാകം ചെയ്യുന്നതിന് മുൻപ് വറുക്കുക എന്നതാണ് ‘ബിരിയാൻ’ എന്ന വാക്കിന്റെ അർഥം. അരിയെന്ന് അർഥം വരുന്ന ‘ബിരിഞ്ച്’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ബിരിയാണി എന്ന വാക്കിലേക്ക് എത്തിയതെന്നും പറയപ്പെടുന്നുണ്ട്. ഷാജഹാൻ ചക്രവർത്തിയുടെ പത്‌നി മുംതാസ് മഹലാണ് ബിരിയാണി തയ്യാറാക്കാൻ കാരണമായതെന്നും ഒരു കഥയുണ്ട്.
ഒരിക്കൽ മുഗൾ സൈന്യത്തിന്റെ പട്ടാള ബാരക്കുകൾ സന്ദർശിച്ച മുംതാസ് പട്ടാളക്കാർ ആകെ അനാരോഗ്യരായിരിക്കുന്നത് ശ്രദ്ധിച്ചു. മതിയായ പോഷകാഹാരത്തിന്റെ കുറവാണ് ഇതെന്ന് മനസിലാക്കിയ മുംതാസ് ഇറച്ചിയും ചോറും സുഗന്ധദ്രവ്യങ്ങളും ഇടകലർത്തി രുചികരമായ സമീകൃത ആഹാരമുണ്ടാക്കാൻ പാചകക്കാർക്ക് കൽപ്പന നൽകി. ഇങ്ങനെയാണ് ഇന്ത്യയിൽ ബിരിയാണി തുടങ്ങിയതത്രേ.
ഇന്ത്യയിൽ പലതരം ബിരിയാണികളുണ്ട്. വലിയ സുഗന്ധമുള്ള ബിരിയാണിയാണ് മുഗ്‌ളൈ ബിരിയാണി. മുഗൾ രാജവംശത്തിന്റെ സംഭാവനയാണ് ഈ ബിരിയാണി. ഒരുപാട് സുഗന്ധദ്രവ്യങ്ങളും ഉണക്കിയ പ്ളമ്മുകളും ഉപയോഗിക്കുന്ന ബോംബൈ ബിരിയാണിയും പ്രശസ്‌തമാണ്.
ഇന്ത്യൻ ബിരിയാണിയിൽ രാജാവാണ് ഹൈദരാബാദി ബിരിയാണി. ഹൈദരാബാദിലെ ഭരണാധികാരിയായ നിസ ഉൽ മാലിക്കാണ് ഈ ബിരിയാണി ഉണ്ടാക്കിയത്. ബാംഗളൂരിയാൻ ബിരിയാണി, ചെട്ടിനാട് ബിരിയാണി, ദിണ്ടിഗൽ ബിരിയാണി, കേരളത്തിന്റെ സ്വന്തം കോഴിക്കോടൻ ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി ബിരിയാണി വിഭാഗങ്ങൾ രാജ്യത്ത് ഒട്ടേറെയുണ്ട്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം