നടന വിസ്‌മയമെന്ന് ഇന്ത്യൻ സിനിമയിലെ കുലപതികൾ പോലും വിശേഷിപ്പിക്കുന്ന മോഹൻലാൽ, കേരളത്തിന്റെ സ്വന്തം ലാലേട്ടൻ, തന്റെ നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടയിൽ നിന്ന് പഠിച്ചെടുത്ത അനുഭവങ്ങളുടെ കരുത്തിലൊരുക്കിയ ‘ബറോസ്’ കുട്ടികളെയും കുടുംബങ്ങളെയും തൃപ്‍തിപ്പെടുത്തുന്ന 3D ദൃശ്യവിസ്‌മയമാണെന്ന് വിശേഷിപ്പിക്കാം.
ചിത്രത്തെ ആവേശത്തോടെ സ്വീകരിച്ച കുടുംബ പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകുന്നത്. തിരക്കഥയിലെ പോരായ്‌മകളെ മറികടക്കുന്ന മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾക്കൊപ്പം അതിഗംഭീരമായ വിഷ്വലുകളും ലോക നിലവാരമുള്ള 3D സാങ്കേതികമികവും ചേരുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതെ, മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയ്‌ക്ക് ചരിത്രത്തിലേക്ക് നടന്നുകയറിയ സിനിമ അൽഭുതകരമായ 3D അനുഭവമാണ്.
പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന സന്തോഷ് രാമന്റെ ആർട്ട് വർക്കുകളും സന്തോഷ് ശിവനെന്ന പ്രതിഭയുടെ ക്യാമറയും ബറോസ് എന്ന ഭൂതമായി നിറഞ്ഞുനിൽക്കുന്ന മോഹൻലാലും പൂർണതയുടെ അടുത്തെത്തുമ്പോൾ തിരക്കഥ തൃപ്‍തിപ്പെടുത്തുന്നില്ല എന്ന പരാതി ഒട്ടുമിക്ക പ്രേക്ഷകരും പങ്കുവെയ്‌ക്കുന്നുണ്ട്.
1984ൽ ഇന്ത്യയുടെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്‌ക്ക് നിന്നുപോകുകയും പിന്നീട് ടികെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു എന്നാണ് ലഭ്യമായ വിവരം.
200 കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന 154 മിനിറ്റ് ദൈർഘ്യമുള്ള സിനിമ സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല എന്നു മാത്രമല്ല, ബറോസിനൊപ്പമുള്ള ‘വൂഡു’ എന്ന ഡോൾ കഥാപാത്രം ലോകത്തുള്ള മുഴുവൻ കുട്ടികളുടെയും ഇഷ്‌ടം പിടിച്ചുപറ്റുമെന്നുറപ്പാണ്. നാനൂറ് വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിലും വർത്തമാന കാലത്തിലും നടക്കുന്ന സിനിമയിൽ മോഹൻലാലിനൊപ്പം മലയാളിക്ക് പരിചിതമായ മുഖങ്ങൾ ആന്റണി പെരുമ്പാവൂരും ഗുരു സോമസുന്ദരവുമാണ്.
അതിവിദഗ്‌ധമായ വിപണന തന്ത്രം മുൻകൂട്ടി നിശ്‌ചയിച്ചിട്ടുള്ള സിനിമ പ്രതീക്ഷിച്ചത് പോലെ, ഭാഷാപരമായ അതിരുകൾ കടന്ന് ചൈനയിലെയും ജപ്പാനിലെയും ഉൾപ്പടെ ലോകരാജ്യങ്ങളിലെ കുട്ടികളുടെയും കുടുംബങ്ങളുടെയും മനസിൽ ഇടംപിടിക്കാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ചുരുക്കത്തിൽ, ലോകത്തുള്ള മുഴുവൻ കുട്ടികളെ ലക്ഷ്യംവെച്ചുള്ള ‘ബറോസ്’ എന്ന ഈ ത്രീഡി ദൃശ്യ വിസ്‌മയത്തിന് കുടുംബവുമായി ടിക്കറ്റെടുക്കാം.
MALAYALAM MOVIE | യാഥാസ്‌ഥിതികതയെ വരച്ചുകാട്ടി ‘ഫെമിനിച്ചി ഫാത്തിമ’