ആദ്യമേ പറയട്ടെ, യാഥാസ്‌ഥിതിക മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള കഥയാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തില്‍ വിശ്വസിപ്പിച്ചുകൊണ്ട്, നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ അകത്തളങ്ങളിലേക്ക് തിരിച്ച ക്യാമറ കണ്ണുകളാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമ.
വിവേചനത്തിന്റെയും ആൺ മേൽക്കോയ്‌മയുടെയും വിവിധ വശങ്ങൾ പറഞ്ഞുവെക്കുന്ന സിനിമ 29ആം മത് ഐഎഫ്എഫ്‌കെയിൽ മികച്ച പ്രേക്ഷക പ്രതികരണവും നേടിയാണ് പ്രശസ്‌തിയിലേക്ക് കുതിക്കുന്നത്. കുടുംബ ജീവിതം, സ്‌ത്രീത്വം, ജെൻഡർ ഇക്വാളിറ്റി, ആത്‌മീയത തുടങ്ങിയ കാര്യങ്ങൾക്ക് യാതൊരുവിധ പോറലുമേൽപ്പിക്കാതെ വളരെ തൻമയത്തത്തോടെ വിഷയം കൈകാര്യം ചെയ്യാൻ സംവിധായകനായ മുഹമ്മദ് ഫാസിലിന് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
ഒരു പ്രത്യേക സമുദായത്തെ പ്രതിനിധീകരിച്ചല്ല മുഹമ്മദ് ഫാസിൽ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നേരെമറിച്ച്, ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫാത്തിമ നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലോ ബന്ധപ്പെട്ടവരിലോ നമ്മുടെ ചുറ്റുപാടുമുള്ള ആരെങ്കിലും ഒക്കെയോ ആവാം. അവളെ മതത്തിന്റെ മഷി ചേർക്കാതെ പല ഭാവത്തിൽ ചിത്രീകരിക്കുന്നു എന്ന് മാത്രം.
സ്‌ത്രീകൾ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ വളരെ വ്യക്‌തമായി സരസ ഭാഷയിൽ അവതരിപ്പിക്കുകയാണ് ചിത്രം. കിടപ്പ് മുറിക്കുള്ളിലെ കിടക്ക പൊറുതിമുട്ടിച്ച് ഫാത്തിമയെ ഫെമിനിസ്‌റ്റ് ആക്കുന്നു. കേൾക്കുമ്പോൾ തന്നെ വളരെ രസകരമായി തോന്നുന്ന ആശയം യഥാർഥ സമൂഹത്തിന്റെ പ്രതിഫലനമാണ് കാണിച്ചുതരുന്നത്.
ആൺ മേധാവിത്വത്തിന്റെ കെട്ടുപൊട്ടിച്ചിറങ്ങിയ ഫാത്തിമ എന്ന സാധാരണ പെൺകുട്ടിക്ക് അവളുടെ ഭർത്താവ് ചാർത്തി കൊടുക്കുന്ന പേരാണ് ഫെമിനിച്ചി. ഒരു കിടക്കയെ ഫോക്കസ് ചെയ്‌ത്, വളരെ ലളിതമായ വിഷയത്തിലൂന്നി സമൂഹത്തിന്റെ യാഥാസ്‌ഥിതികതയെ വരച്ചു കാട്ടുന്ന ചിത്രം കൂടിയാണ് ‘ഫെമിനിച്ചി ഫാത്തിമ’.
മലപ്പുറം പൊന്നാനിയിലെ തീരദേശം പശ്‌ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവ് മദ്രസ അധ്യാപകനായ അഷ്റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ, തന്റെ മകൻ മൂത്രമൊഴിച്ച കിടക്കയ്‌ക്ക് പകരം പുതിയ കിടക്ക വാങ്ങാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം.
ഭർത്താവ്, മൂന്ന് കുട്ടികൾ, അമ്മായിഅമ്മ എന്നിവരടങ്ങുന്ന കുടുംബമാണ് ഫാത്തിമയുടേത്. മൂത്ത ആൺകുട്ടി രാത്രി ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതോടെയാണ് ഫാത്തിമയുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കിടക്ക വൃത്തിയാക്കുന്നതിനായി ഫാത്തിമ അതെടുത്ത് വെളിയിൽ ഇടുന്നതും നായ കയറി കിടക്ക വൃത്തികേടാക്കുന്നതും ഫാത്തിമയുടെ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
നടുവേദനയുള്ള ഫാത്തിമക്ക് കിടക്കയില്ലാതെ കിടക്കാൻ ബുദ്ധിമുട്ടാകുന്നു. എന്നാൽ, പഴയ കിടക്ക ഉപയോഗിക്കാനോ പുതിയത് വാങ്ങാനോ ഭർത്താവ് സമ്മതിക്കുന്നുമില്ല. തുടർന്ന്, ഒരു കിടക്കയ്‌ക്കായി ഫാത്തിമയുടെ ശ്രമങ്ങളാണ് സിനിമ പറയുന്നത്.
ചിത്രത്തിൽ കിടക്കയ്‌ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. കിടക്കയെ ബിംബമായി അവതരിപ്പിച്ച് തനിക്ക് ചുറ്റുമുള്ളവരുടെ കഥ പറയാനാണ് സംവിധായകൻ ശ്രമിച്ചത്. അതിൽ നൂറ് ശതമാനം സംവിധായകൻ വിജയിച്ചു. വെറുമൊരു കിടക്ക ഉപയോഗിച്ച് സംവിധായകൻ അത്രയും കൃത്യതയോടെയാണ് വിവേചനത്തിന്റെ, ആൺ മേൽക്കോയ്‌മയുടെ, മതക്കെട്ടുകളുടെ കഥ പറഞ്ഞുവെക്കുന്നത്.
പട്ടാമ്പി സ്വദേശി ഷംല ഹംസയാണ് ചിത്രത്തിൽ ഫാത്തിമയായി വേഷമിട്ടിരിക്കുന്നത്. ഭർത്താവ് അഷ്‌റഫായി എത്തിയിരിക്കുന്നത് കുമാർ സുനിലാണ്. തങ്ങളുടെ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. മറ്റു അഭിനേതാക്കളും ഇവർക്കൊപ്പം അഭിനയിച്ചു ജീവിച്ചു എന്നുതന്നെ പറയാം.
തുടക്കത്തിൽ ഒരു മതവിഭാഗത്തെ മാത്രമെടുത്ത് ആക്ഷേപഹാസ്യം ഒരുക്കിയിരിക്കുകയാണ് സംവിധായകൻ എന്ന് തോന്നിക്കുമെങ്കിലും അതിന്റെ മറ്റൊരു വശം കൂടി കാണിക്കുമ്പോഴാണ് ചിത്രം എത്രത്തോളം സാമൂഹിക പ്രതിബദ്ധത പുലർത്തുന്നുണ്ടെന്ന് നമുക്ക് മനസിലാവുക. പോകെപ്പോകെ അത് ഒരു മതത്തെയോ അല്ലെങ്കിൽ ഒരു വിഭാഗത്തെയോ മാത്രം പ്രതിബാധിക്കുന്ന ചിത്രമല്ലെന്നും അതൊരു യൂണിവേഴ്‌സലായിട്ടുള്ള വിഷയമാണെന്നും നമുക്ക് മനസിലാകും.
സോഷ്യൽ കണ്ടീഷനിങ്ങിന് വിധേയമായി പെരുമാറുന്ന ഫാത്തിമയുടെ ഭർത്താവിന്റെ കഥാപാത്രത്തെ കുറ്റപ്പെടുത്താതെ തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ചർച്ച ചെയ്യുന്ന സ്‌ത്രീ സ്വാതന്ത്ര്യവും സ്‌ത്രീകൾ നേരിടുന്ന സാമൂഹിക അരക്ഷിതാവസ്‌ഥയും ഇന്നും ലോകത്ത് എല്ലായിടത്തുമുണ്ട്. ചിലർ കെട്ടുപൊട്ടിച്ച് ദൂരത്തേക്ക് പറക്കുന്നു. മറ്റുചിലർ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നു.
ഫെമിനിസ്‌റ്റുകളായ സ്‌ത്രീകളെ കളിയാക്കാനാണ് ‘ഫെമിനിച്ചി’ എന്ന പദം മലയാളത്തിൽ പലപ്പോഴും ഉപയോഗിക്കാറുള്ളത്. എന്നാൽ, ഫാസിൽ അതിനെ ശാക്‌തീകരണത്തിന്റെ നല്ല പ്രതീകമാക്കി മാറ്റി. അവരെ ‘ഫെമിനിസ്‌റ്റുകൾ’ എന്ന് വിളിക്കുമ്പോഴെല്ലാം അവരെ പരിഹസിക്കുന്ന ആളുകൾ അവർ സമൂഹത്തിൽ ഉയരുന്നത് മനസിലാക്കുന്നില്ല. ഫെമിനിസ്‌റ്റ് പരിഹാസം ഫെമിനിസ്‌റ്റ് സ്‌ത്രീകളുടെ വിജയമാണെന്ന് പറഞ്ഞു വെക്കുകയാണ് സംവിധായകൻ.
ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ പൊന്നാനി സ്വദേശി മുഹമ്മദ് ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നടത്തിയത്. ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്‌തു. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്‌കാരം, പ്രേക്ഷക പ്രീതി നേടിയ ചിത്രം, അന്താരാഷ്‌ട്ര മൽസര വിഭാഗത്തിൽ മികച്ച തിരക്കഥയ്‌ക്കുള്ള ജൂറി പുരസ്‌കാരം, കെആർ മോഹനൻ പുരസ്‌കാരം എന്നിവയാണ് ഐഎഫ്എഫ്‌കെയിൽ ഫെമിനിച്ചി ഫാത്തിമ നേടിയത്.
Health Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ