തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
ഞായറാഴ്ചയും മലപ്പുരം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ഇന്ന് തിരുവനന്തപുരം മുതൽ കോട്ടയം വരെയും ഇടുക്കി ജില്ലയിലും യെല്ലോ അലർട്ടാണ്. എറണാകുളം ജില്ലയിലും തൃശൂർ മുതൽ കാസർഗോഡ് വരെയും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പത്തനംതിട്ട ജില്ലയിലും കോട്ടയം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് കരമാനയാറ്റിലും മണിമലയാറിലും യെല്ലോ അലർട് പ്രഖ്യാപിച്ചു. നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്ന് ജാഗ്രതാ നിർദ്ദേശം നൽകി. വൻമരങ്ങൾ കടപുഴകിവീണ് അപകടങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു.
കാരുമാത്ര സ്വദേശി ബ്ളാഹയിൽ ഇല്ലം മണികണ്ഠനാണ് മരിച്ചത്. ശ്രീനാരായപുരം- പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്ത് എട്ടോളം വീടുകളിൽ വെള്ളംകയറി. കോഴിക്കോട്ട് മിഠായിത്തെരുവിൽ കനത്ത മഴയിലും കാറ്റിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി.
Most Read| അണ്ണാമലൈ ബിജെപി വിട്ടു; പുതിയ പാർട്ടി തുടങ്ങുമെന്ന് പ്രഖ്യാപനം




































