വാഷിങ്ടൻ: 2024ൽ ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം യുഎസ് നാടുകടത്തിയെന്ന് റിപ്പോർട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് (ഐസിഇ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ 40% വർധനയുള്ളതായാണ് വിവരം. യുഎസിൽ അടുത്തമാസം അധികാരത്തിലേറുന്ന ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങൾ കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കെയാണ് ഇന്ത്യക്കാരെ ആശങ്കയിലാഴ്‌ത്തിയ റിപ്പോർട് പുറത്തുവന്നത്.
2021ൽ 292 ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്തിയതെങ്കിൽ 2024ൽ ഇത് 1529 ആയി ഉയർന്നു. ആഗോളതലത്തിൽ 2021ൽ 59,011 പേരെ യുഎസ് നാടുകടത്തിയപ്പോൾ 2024ൽ ഇത് 2,71,484 ആയി. യുഎസ് കുടിയേറ്റ നിയമത്തിൽ വരുന്ന മാറ്റങ്ങൾ, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾ എന്നിവയാണ് നാടുകടത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചു.
2024ലെ ഈ വർധന നിയമവിരുദ്ധമായി യുഎസിൽ തുടരുന്നവർ ലക്ഷ്യംവെച്ചുള്ളതാകാമെന്നും അധികൃതർ വിലയിരുത്തുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായിരുന്ന 2019, 2020 വർഷങ്ങളിലായി 3928 ഇന്ത്യക്കാരെയാണ് യുഎസിൽ നിന്ന് നാടുകടത്തിയത്. ജോ ബൈഡൻ ഭരിച്ച നാലുവർഷങ്ങളിൽ 3467 ഇന്ത്യക്കാരെ നാടുകടത്തി. നിലവിൽ ഏതാണ്ട് 18,000ത്തോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ യുഎസിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്.
നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നവംബറിൽ പുറത്തുവിട്ടിരുന്നു. ഇതിൽ 17,490 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് അധികവും.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല