വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്‌ഥർ വെടിവെച്ച് കൊലപ്പെടുത്തി. നസിർ ബെസ്‌റ്റ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ് ചെക്ക് പോയിന്റിന് സമീപത്തെ സുരക്ഷാ ബൂത്തിന് നേരെയാണ് ഇയാൾ വെടിയുതിർത്തത്.
ഇയാൾക്ക് കടുത്ത മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. താൻ സ്വയം യേശു ക്രിസ്‌തുവിന്റെ പുനരവതാരമാണെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നതെന്ന് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. വൈറ്റ് ഹൗസിന് പുറത്ത് ശക്‌തമായ സുരക്ഷാ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്തി.
ഇറാനുമായി ചർച്ചകൾ നടക്കുന്നതിനാൽ ആ സമയത്ത് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്‌ച 17ആം സ്‌ട്രീറ്റ് നോർത്ത് വെസ്‌റ്റിൽ വെച്ചാണ് നസിർ വിചിത്രമായി പെരുമാറുകയും തോക്കെടുത്ത് വെടിയുതിർക്കുകയും ചെയ്‌തത്. ഈ ആക്രമണത്തിൽ ഒരു വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.
നിരവധി തവണ വെടിയൊച്ച കേട്ടതായാണ് വിവരം. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്‌ഥർ തിരിച്ചടിക്കുകയായിരുന്നു. പരിക്കേറ്റ അക്രമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാൾ മുമ്പും വൈറ്റ് ഹൗസ് പരിസരത്ത് കറങ്ങി നടന്നത് സീക്രട്ട് സർവീസ് ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
Most Read| ബക്രീദ്; സംസ്‌ഥാനത്ത് രണ്ടുദിവസം പൊതു അവധി






































