രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കർണാടകയെ ഇനി ഡികെ. ശിവകുമാർ നയിക്കും

ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. ഉച്ചയ്‌ക്ക് മൂന്നുമണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് വിവരം.

By Senior Reporter, Malabar News
siddaramaiah
സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.

ഉച്ചയ്‌ക്ക് മൂന്നുമണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് രാജി. കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ചുമതലയേൽക്കും. നിലവിൽ ചേരിതിരിഞ്ഞിരിക്കുന്ന സമീപനം ഉപേക്ഷിച്ച് ഡികെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണമെന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടു.

ഹൈക്കമാൻഡ് ശിവകുമാറിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചത്. മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ മാറ്റം കർണാടക രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടൽ വ്യവസ്‌ഥ മാനിച്ചാണ് പുതിയ തീരുമാനം. ഇരുനേതാക്കളും രണ്ടരവർഷം വീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ.

എംഎൽഎമാരുടെ പിന്തുണയിൽ സിദ്ധരാമയ്യ ഏറെ മുന്നിലാണെങ്കിലും താഴെ തട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയാണ് ഡികെ. ശിവകുമാറിന് തുണയായത്. ദേശീയ രാഷ്‌ട്രീയത്തിലേക്കാണ് സിദ്ധരാമയ്യയുടെ ചുവടുമാറ്റം. അടുത്തമാസം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കർണാടകയിൽ നിന്നുള്ള സ്‌ഥാനാർഥിയാകും. ദേശീയ തലത്തിൽ ഒബിസി മുഖം, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന പരിഗണനയും ലഭിച്ചേക്കും.

പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്‌ച കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ബെംഗളൂരുവിലെത്തും. രാജ്യസഭാ വോട്ടെടുപ്പ് ദിനം വരെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ഏക ഡിമാൻഡ്. ഈ വ്യവസ്‌ഥ അംഗീകരിക്കപ്പെടുമോയെന്ന് ഇന്നറിയാൻ കഴിയും.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE