വാഷിങ്ടൻ: ഇസ്‍ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നൈജീരിയയിൽ വെച്ച് യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്‌ത ഓപ്പറേഷനിലാണ് മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം.
മിനൂക്കി ഇനി ആഫ്രിക്കയെ ഭീകരവൽക്കരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ”ഇന്ന് രാത്രി എന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി.
ഐസിസിന്റെ ആഗോളതലത്തിലെ രണ്ടാമനായ അബു ബിലാൽ അൽ മീനൂക്കി കരുതിയത് അയാൾക്ക് ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയുമെന്നാണ്. എന്നാൽ, അയാൾ എന്താണ് ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുന്ന വിവരദാതാക്കൾ എവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല.
ഇനിമേൽ അയാൾ ആഫ്രിക്കയെ ഭീകരവൽക്കരിക്കുകയോ അമേരിക്കക്കാർക്കെതിരെ ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ചെയ്യില്ല. അയാളെ ഇല്ലാതാക്കിയതിലൂടെ ഐസിസിന്റെ ആഗോളതലത്തിലെ പ്രവർത്തനത്തിൽ വലിയ ആഘാതമുണ്ടാക്കാനായി. ഈ സൈനിക നടപടിയിൽ പങ്കാളിയായതിന് നൈജീരിയൻ സർക്കാരിന് നന്ദി. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ”- ട്രംപ് കുറിച്ചു.
Most Read| ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി






































