ജയ്‌പൂർ: അജ്‌ഞാത രോഗത്തെ തുടർന്ന് രാജസ്‌ഥാനിൽ 7 കുട്ടികൾ മരിച്ചു. മരിച്ച കുട്ടികളെല്ലാം 2-14 പ്രായപരിധിയിൽ ഉള്ളവരാണ്. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ കാണിച്ചിരുന്നു.
രാജസ്‌ഥാനിലെ സിരോഹി ജില്ലയിലുള്ള ഫുലാബായ് ഖേഡ, ഫുലാബെർ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളാണ് മരിച്ചത്. ഏപ്രിൽ 9-13 വരെയുള്ള കാലയളവിലാണ് ഈ മരണകളെല്ലാം റിപ്പോർട് ചെയ്‌തിട്ടുള്ളത്. ലക്ഷണങ്ങൾ കാണിച്ച അതേ ദിവസം തന്നെയാണ് എല്ലാവരും മരിച്ചത്. എന്നാൽ കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്‌ടർ ജഗേശ്വർ പ്രസാദ് വ്യക്‌തമാക്കി.
കുട്ടികളുടെ മരണകാരണം വൈറൽ രോഗമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ അന്തിമ റിപ്പോർട് വന്നിട്ടില്ല. തുടർച്ചയായി കുട്ടികളുടെ മരണം റിപ്പോർട് ചെയ്‌തതോടെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ജയ്‌പൂരിൽനിന്നും ജോധ്പുരിൽനിന്നുമുള്ള ഡോക്‌ടർമാരുടെ സംഘം സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനോടകം തന്നെ 300 വീടുകളിൽ സർവേ നടത്തുകയും ചെയ്‌തു. ഇവിടെ നിന്നും ശേഖരിച്ച 58 സാംപിളുകൾ ജയ്‌പൂരിലെ ലാബിലേക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്, ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാവില്ല; സോണിയ




































