ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീറിൽ തുരങ്ക നിർമാണത്തിനെത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ബാരാമുള്ളയിൽ സൈനികർ ഒരു ഭീകരനെ വധിച്ചതായാണ് വിവരം. സ്വകാര്യ നിർമാണ കമ്പനി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന ഗുന്ദ് മേഖലയിലെ ക്യാമ്പിന് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ഏറ്റവും മികച്ച ചികിൽസ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജോലിക്ക് ശേഷം തൊഴിലാളികളും മറ്റും ക്യാമ്പിലേക്ക് തിരിച്ചെത്തിയ സമയത്താണ് വെടിവെപ്പുണ്ടാകുന്നത്. രണ്ടുപേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. അക്രമികളെ കണ്ടെത്തുന്നതിനായി സൈനികരും അർധ സൈനികരും മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായാണ് റിപ്പോർട്. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള സീനഗറിലെ ആശുപത്രിക്ക് ഉൾപ്പടെ വലിയ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. കശ്മീരിലെ തിരഞ്ഞെടുപ്പ് സമാധാന പൂർണമായി നടക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് അറിയിക്കുന്നതിനായാണ് ഈ ആക്രമണം ഇപ്പോൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരിക്കുന്നതെന്നാണ് കേന്ദ്ര ഏജൻസികൾ പ്രാഥമികമായി നൽകുന്ന വിവരം. തൊഴിലാളികളുടെ മരണത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അനുശോചനം അറിയിച്ചു. നിഷ്കളങ്കരായ തൊഴിലാളികൾക്ക് നേർക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
ഭീകരാക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ‘ദ് റെസിസ്റ്റൻസ് ഫ്രന്റെ’ന്നാണ് സൂചന. പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരസംഘടനയാണിത്. ഈ വർഷം ജൂണിൽ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ഈ സംഘടനയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടന്നിരിക്കുന്ന ആക്രമണവും. അതേസമയം, സംഭവ സ്ഥലത്തേക്ക് മുതിർന്ന എൻഐഎ ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്.
Most Read| പരിമിതികളിൽ പതറാതെ രേവതി; ഇനിയിവൾ കാതോലിക്കേറ്റ് കോളേജിലെ പെൺപുലി







































