ലൊസാഞ്ചലസ്: അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌ത് നാടുകടത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ കാലിഫോർണിയയിലെ ലൊസാഞ്ചലസിൽ വെള്ളിയാഴ്‌ച ആരംഭിച്ച പ്രതിഷേധം തുടരുന്നു. പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് ഭരണകൂടം 700 മറീൻ സൈനികരെ കൂടി വിന്യസിച്ചു.
ഇന്നലെ മുന്നൂറോളം വരുന്ന നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചതിന് പുറമേയാണിത്. പ്രതിഷേധം തുടർന്നാൽ 2000 നാഷണൽ ഗാർഡിനെ കൂടി അയക്കുമെന്നാണ് അറിയിപ്പ്. എന്നാൽ, പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയിട്ടില്ല. നിലവിൽ ലൊസാഞ്ചലസിൽ 200 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
അതേസമയം, നാഷണൽ ഗാർഡിനെ ഇറക്കിയ ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. നാഷണൽ ഗാർഡുമാരെ ഇറക്കി കലാപം ആളിക്കത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വ്യക്‌തമാക്കി. പ്രാദേശിക പോലീസിന് കൈകാര്യം ചെയ്യാവുന്ന പ്രശ്‌നങ്ങൾ മാത്രമേ നിലവിൽ ഉള്ളൂവെന്നും ഗവർണർ പറഞ്ഞു. ട്രംപ് ഭരണകൂടത്തിനെതിരെ ഗവർണർ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.
1965ന് ശേഷം ഇതാദ്യമായാണ് സംസ്‌ഥാന ഗവർണറുടെ അഭ്യർഥനയില്ലാതെ പ്രസിഡണ്ട് നാഷണൽ ഗാർഡിനെ വിന്യസിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യ വകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്‌ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ചയാണ് പ്രതിഷേധം ആരംഭിച്ചത്.
ആയിരങ്ങൾ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം, റബർ ബുള്ളറ്റുകൾ, ഫ്‌ളാഷ് ബാങ്ങുകൾ എന്നിവ പ്രയോഗിച്ചു. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറൽ സൈനികർ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ലൊസാഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെയാണ് ട്രംപ് ലൊസാഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞമാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
എന്നാൽ, അറസ്‌റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ കർശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്‌റ്റ് ചെയ്യണമെന്നാണ് സർക്കാർ ഐസിഇക്ക് നൽകിയിരുന്ന നിർദ്ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി