ന്യൂഡെൽഹി: 75ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. കർത്തവ്യപഥിൽ രാവിലെ പത്തര മുതൽ 12.30വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയാകും. റിപ്പബ്ളിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിന് പുറമെ, ഫ്രാൻസിന്റെ രണ്ടു റാഫേൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ളൈപാസ് നടത്തും.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ 100 വനിതകൾ ചേർന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക. കർസേന മേജർ സൗമ്യ ശുക്ള ദേശീയ പതാക ഉയർത്തും. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫീസർമാരുടെ സംഘം ആദ്യമായി ഒന്നിച്ചു പരേഡിൽ മാർച്ച് ചെയ്യും. ടി90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധ കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരക്കും.
പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതായിരിക്കും ബിഎസ്എഫ് സംഘം. ഡെൽഹി പോലീസ് സംഘത്തെ മലയാളിയും നോർത്ത് ഡെൽഹി ഡെപ്യൂട്ടി കമ്മീഷണറുമായി ശ്വേത കെ സുഗതൻ നയിക്കും. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തും. 26 ഫ്ളോട്ടുകളാണ് അണിനിരക്കുക.
Most Read| വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; മേരി കോം







































