പ്രായത്തെയും പരാധീനതകളെയും തോൽപ്പിച്ച് കല്യാണി വീണ്ടും അക്ഷര മുറ്റത്തേക്ക്. 83ആം വയസിൽ അക്ഷരം കൂട്ടിവായിക്കണമെന്ന് തോന്നിയ കല്യാണിയുടെ ആഗ്രഹം സഫലമായി. ഏഴാം ക്ളാസ് പരീക്ഷയ്‌ക്ക് പഠിക്കാനുള്ള പേനയും പുസ്‌തകവുമായി വീണ്ടും ക്ളാസിലേക്ക് പോവാനുള്ള സന്തോഷത്തിലാണ് ഈ വയോധിക.
നവചേതന പദ്ധതിയിലൂടെ വിജയിച്ച 185 തുല്യതാ പഠിതാക്കൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തട്ടയിൽ പൊങ്ങലടി മാമ്മൂട് കല്ലറവിള വടക്കേതിൽ കല്യാണിയായിരുന്നു ക്ളാസിലെ സീനിയർ. കൊച്ചുമക്കളുടെ കൈ പിടിച്ചായിരുന്നു പലരുടെയും വരവ്. ആ കാഴ്‌ച തന്നെ മനസിന് കുളിർമയേകുന്നതായിരുന്നു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി ഉന്നതികളിലെ പഠിതാക്കളാണ് ഇവർ.
സാക്ഷരതാ മിഷനും പന്തളം തെക്കര ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ നവചേതന പദ്ധതിയിലൂടെയാണ് ഇവർ നാലാം തരം വിജയിച്ചത്. പട്ടികജാതി ഉന്നതികളിലെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ മുതിർന്നവരെ കണ്ടെത്തി അവർക്ക് നാലാംതരം തുല്യതാ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് നവചേതന.
ഈ പദ്ധതിയുടെ ഭാഗമായി 216 പഠിതാക്കളെ സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതിൽ 186 പേർ ക്ളാസിലെത്തി. 2024 മേയ് 25ന് മികവുൽസവം എന്ന പേരിൽ 12 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. 186 പേർ പരീക്ഷ വിജയിച്ചു. ഇതിൽ 154 പേർ സ്‌ത്രീകളും 32 പേർ പുരുഷൻമാരുമാണ്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം