കോഴിക്കോട്: അതിശക്‌തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയിൽ നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടി നാശം വിതച്ച മേഖലകളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിയത്.
വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിലേക്കാണ് ഈ കുടുംബങ്ങളെ മാറ്റിയത്. നേരത്തെ ഉരുൾപൊട്ടൽ നാശംവിതച്ച പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങൾ സ്വയം മാറി തുടങ്ങിയിട്ടുമുണ്ട്. ഒമ്പത് കുടുംബങ്ങളിലെ 30ഓളം പേരാണ് മാറിയത്. മേഖലയിൽ ശക്‌തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മണ്ണിടിച്ചിലിനെ തുടർന്ന് പന്നിയേരി ഉന്നതിയിൽ നിന്ന് ഒരു കുടുംബത്തെ മാറ്റിതാമസിപ്പിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് വിലങ്ങാട് ഉരുൾപൊട്ടിയത്. ഒരാൾക്ക് ജീവൻ നഷ്‌ടപ്പെട്ട ഉരുൾപൊട്ടലിൽ വലിയ നാശനഷ്‌ടമായിരുന്നു ഉണ്ടായത്. 14 വീടുകൾ പൂർണമായി ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്‌ടമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കണക്കാക്കിയത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’