കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.
ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് വെച്ചാൽ അതിന് പോലും സാധ്യമല്ലെന്ന് കിറ്റുകൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
പഞ്ചായത്തിനുള്ളിലേക്ക് ഇടിച്ചുകയറിയ പ്രവർത്തകർ ജീവനക്കാരുടെ ഇരിപ്പിടങ്ങൾ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡണ്ടിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്‌തു. ഇതോടെ പ്രവർത്തകരും പോലീസുകാരും തമ്മിൽ സംഘർഷവുമുണ്ടായി. പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്‌ത അരി ഓഫീസിന്റെ നിലത്തിട്ട് പ്രതിഷേധിച്ചു.
അതേസമയം, സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യക്കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഇന്ന് തന്നെ കിറ്റുകൾ മാറ്റി നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!