വടകര: കോവിഡ് മുക്തരെ വീട്ടിലെത്തിക്കാന്‍ 9 മണിക്കൂര്‍ പിപിഇ കിറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സഞ്ചരിച്ചത് 300 കിലോ മീറ്റര്‍. ആ യാത്രയുടെ ഓര്‍മയിലാണ് തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവര്‍ ഹരി.
മണിയൂരില്‍ നിന്ന് കുറ്റൃാടിയിലേക്ക് കോവിഡ് മുക്തരെയും കൊണ്ടുപോകണമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഹരി വൈകിട്ട് 4 മണിയോടെ തൊട്ടില്‍പാലം ഡിപ്പോയില്‍ നിന്ന് മണിയൂരിലെത്തി. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം അവിടെ നിന്ന് ആദ്യമായി പിപിഇ കിറ്റ് ധരിച്ചു. മണിയൂരിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് കോവിഡ് ഭേദമായ 26 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം തന്നെ പല സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു. ശേഷം ഡ്രൈവര്‍ ഒരു യാത്രാറൂട്ട് തയ്യാറാക്കി അതുപ്രകാരം യാത്ര ആരംഭിച്ചു. വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്കാണ് ആദ്യം യാത്ര തിരിച്ചത്. ശേഷം കൊയിലാണ്ടിയില്‍ നിന്ന് കുഞ്ഞിപ്പള്ളിയില്‍ എത്തിയപ്പോള്‍ രാത്രി 7 മണിയായി. പിന്നീട് തുടര്‍ന്ന യാത്ര വിലങ്ങാട് പാനോത്ത് എത്തിയപ്പോഴേക്കും രാത്രി 12 മണിയോളമായി.
വേണ്ടത്ര ആസൂത്രണങ്ങളില്ലാതെയാണ് പല സ്ഥലങ്ങളിലുള്ളവരെ ഒറ്റബസില്‍ അധികൃതര്‍ വീട്ടിലേക്ക് വിട്ടത്. പലരെയും മെയിന്‍ റോഡില്‍ മാത്രമേ ഇറക്കാന്‍ സാധിച്ചുള്ളൂ. ഭക്ഷണമോ വെള്ളമോ കുടിക്കാതെ മണിക്കൂറുകളോളമാണ് യാത്രക്കാര്‍ ബസില്‍ ഇരുന്നത്. ഗ്ലാസ് കൊണ്ട് മറച്ച കാബിനില്‍ പിപിഇ കിറ്റ് ധരിച്ചിരുന്ന ഡ്രൈവറുടെ യാത്ര ഏറെ ദുരിത പൂര്‍ണമായിരുന്നു. പുറപ്പെട്ട ശേഷം വെള്ളം പോലും കുടിച്ചിരുന്നില്ല. പനോത്ത് നിന്ന് തിരിച്ച ശേഷം ബസ് നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവര്‍ കുഴഞ്ഞുവീണു. ഈ സമയത്ത് ബസിലുണ്ടായിരുന്ന കൂരാച്ചുണ്ട് സ്വദേശിയും മകനും ഡ്രൈവര്‍ കുഴഞ്ഞു വീണ വിവരം എഫ്.എല്‍.ടി.സി യിലെ നോഡല്‍ ഓഫീസറെ അറിയിച്ചു. മണിയൂരില്‍ നിന്ന് ആംബുലന്‍സ് വരാന്‍ വൈകുമെന്നായപ്പോള്‍ അത് വേണ്ടെന്ന് വെച്ച് അരമണിക്കൂറിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
അവസാന കേന്ദ്രമായ കൂരാച്ചുണ്ടില്‍ നിന്നും പുലര്‍ച്ചെ നാല് മണിയോടെ തൊട്ടില്‍പാലം ഡിപ്പോയില്‍ എത്തി. ബസ് നിര്‍ത്തി ഇറങ്ങിയതും ഹരി തളര്‍ന്നുവീണു. ഡിപ്പോയിലുണ്ടായിരുന്ന ഒരു ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ തൊട്ടില്‍പാലത്തെ വീട്ടില്‍ വിശ്രമത്തിലാണ് ഹരി. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പൂര്‍ണമായി വിവരിച്ച് ജില്ലാ കളക്ടറിന് പരാതി നല്‍കിയിട്ടുണ്ട്.







































