കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിലായി കഴിഞ്ഞിരുന്ന 5000ത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്. ഇക്കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം 9 മലയാളി യുവതികൾ ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അഫ്ഗാൻ ജയിലുകളിൽ നിന്നും മോചിതരായവരിൽ ഏറിയ പങ്കും ഇസ്ലാമിക് സ്റ്റേറ്റ്, അൽഖായിദ തീവ്രവാദികളാണ്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഇവരെ മോചിപ്പിച്ച ശേഷം താലിബാൻ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായാണ് വിവരം.
കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ പോയി അവിടുത്തെ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ട 9 മലയാളി യുവതികൾ മോചിതരായവരിൽ ഉണ്ടെന്നാണ് വിവരം. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നുള്ള 21 പേരാണ് അഫ്ഗാനിലുള്ളത്. മോചിതരായതോടെ മറ്റേതെങ്കിലും രാജ്യത്തിലൂടെ ഇവർ തിരികെ ഇന്ത്യയിലെത്താൻ സാധ്യത ഉള്ളതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും, തുറമുഖങ്ങളിലും ഉണ്ടാകുക.
കഴിഞ്ഞ 2016ലാണ് ഐഎസിൽ ചേരുന്നതിനായി പാലക്കാട് സ്വദേശിയായ ഭർത്താവ് ബെക്സനൊപ്പം നിമിഷ നാട് വിട്ടത്. തുടർന്ന് സൈന്യത്തിന്റെ പിടിയിലായ നിമിഷയെ തിരിച്ചയക്കാൻ അഫ്ഗാനിസ്ഥാൻ തയ്യാറായെങ്കിലും സുരക്ഷയെ മുൻനിർത്തി ഇന്ത്യ അതിന് തയ്യാറായില്ല. എന്നാൽ നിമിഷയുടെ അമ്മ നിമിഷയെയും, മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യവുമായി ഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു.
Read also: ഐഎസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ








































