തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേര്‍ മരണപ്പെട്ടു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രമേശ്(56), രാധാകൃഷ്‌ണ മേനോൻ(56) എന്നിവരാണ് മരണപ്പെട്ടത്. 25ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടന്‍ വൈദ്യുതി ബന്ധം വിഛേദിച്ചു. ഇത് മൂലം പരിസരത്ത് ഇരുട്ടുപരക്കുകയും ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം തടസപ്പെടുകയും ചെയ്‌തു. പിന്നീട് പ്രകാശക്രമീകരണം നടത്തിയ ശേഷം, ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയർഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാ പ്രവര്‍ത്തനം അപകട വ്യാപ്‍തി കുറച്ചതായി സ്‌ഥലത്തുണ്ടായ മാദ്ധ്യമ പ്രവർത്തകർ പറഞ്ഞു.
ബ്രഹ്‌മസ്വം മഠത്തിന് സമീപത്ത് പഞ്ചവാദ്യം നടക്കുമ്പോഴാണ് ആല്‍മരക്കൊമ്പ് പൊട്ടിവീണ് രാത്രി പന്ത്രണ്ടോടെ അപകടം ഉണ്ടായത്. ബഹളത്തിനിടെ ആന എംജി റോഡിലേക്ക് നീങ്ങിയെങ്കിലും ഉടൻ നിയന്ത്രണത്തിലാക്കി. എന്‍ഡിആര്‍എഫ് സംഘവും കളക്‌ടറും ജില്ലാ പൊലീസ് മേധാവിയും ഉടൻ സ്‌ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരും ചില മാദ്ധ്യമ പ്രവർത്തകരും ഉണ്ട്. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആളുകള്‍ കുറവായത് വലിയ ദുരന്തം ഒഴിവാകാൻ സഹായിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
Most Read: ഓക്‌സിജൻ പ്രതിസന്ധി; ഗത്യന്തരമില്ലാതെ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക്








































