ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിനിടയിലും കർഷകരുടെ അതിജീവനം തുടരുന്നു. രാജ്യതലസ്‌ഥാനത്തെ പ്രക്ഷോഭം അടുത്ത അഞ്ച് വർഷം വരെ തുടർന്നേക്കാമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പ്രക്ഷോഭത്തെ തങ്ങളുടെ പതിവ് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും അദ്ദേഹം കർഷകരോട് അഭ്യർഥിച്ചു.
‘സർക്കാരിന് അഞ്ച് വർഷത്തേക്ക് രാജ്യം ഭരിക്കാമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്ക് അഞ്ച് വർഷം പ്രക്ഷോഭം നടത്തിക്കൂടാ? കർഷക പ്രക്ഷോഭം തീർച്ചയായും അഞ്ച് വർഷം തുടരും’- ഹിസാറിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ രാകേഷ് ടിക്കായത്ത് പറഞ്ഞു. കർഷക സമരത്തെ പിന്തുണച്ച് ഫെബ്രുവരി മൂന്നു മുതൽ ഹിസാറിൽ അഭിഭാഷകർ നടത്തുന്ന ധർണയിൽ പങ്കെടുത്ത ശേഷമാണ് കർഷക നേതാവ് മാധ്യമങ്ങളോട് സംസാരിച്ചത്.
പ്രക്ഷോഭം രാജ്യത്താകെ ശക്‌തമായി തന്നെ തുടരും. കൃഷിക്കാർ തങ്ങളുടെ കാർഷിക മേഖലകളിലും പ്രക്ഷോഭത്തിലും ഒരുപോലെ ശ്രദ്ധിക്കണം. വയലുകളിലേക്ക് പോകുന്നത് പോലെ തന്നെ സമരമുഖത്തേക്ക് വരാനും തയാറാകണമെന്ന് ടിക്കായത്ത് നിർദ്ദേശിച്ചു.
ഹിസാർ ജില്ലയിൽ ഒരു ദേശീയപാതയിലെ ടോൾ പ്‌ളാസയിൽ നടന്ന കർഷക കൂട്ടായ്‌മയെ അഭിസംബോധന ചെയ്‌ത് സംസാരിച്ചപ്പോഴും അദ്ദേഹം സമാനമായ വികാരം തന്നെയാണ് പ്രകടിപ്പിച്ചിരുന്നത്. ‘ഈ പ്രക്ഷോഭം എത്ര നാൾ വരെ തുടരുമെന്ന് പലരും ചോദിക്കുന്നുണ്ട്. അഞ്ച് മാസം നീണ്ടുനിൽക്കുന്ന ഒരു പ്രക്ഷോഭം അത്ര വലിയ കാര്യമാണോ? വീടുകളിലും കാർഷിക മേഖലകളിലും ജോലി ചെയ്യുന്നതുപോലെ പ്രക്ഷോഭം നമ്മുടെ പതിവ് ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. പ്രക്ഷോഭം ഇനിയും മാസങ്ങളോളം തുടരാം. അതിന്റെ പരിസമാപ്‌തിയെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല’- ടിക്കായത്ത് കർഷകരോട് പറഞ്ഞു.
കർഷക സമരം സജീവമായി റിപ്പോർട് ചെയ്‌തിരുന്ന മാദ്ധ്യമ പ്രവർത്തകനും ‘ദി ഇങ്ക്’ ന്യൂസ് പോർട്ടലിന്റെ സ്‌ഥാപകനുമായ രാജേഷ് കുണ്ടുവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത സംഭവത്തിലും ടിക്കായത്ത് പ്രതികരിച്ചു. കർഷക സമരത്തെ പിന്തുണക്കുന്ന അഭിഭാഷകർ മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടിയും പോരാടും. കർഷക പ്രക്ഷോഭം റിപ്പോർട് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കരുതെന്ന് മാദ്ധ്യമപ്രവർത്തകർ നേരത്തെ തന്നെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സൗജന്യമായി ഏറ്റെടുക്കുമെന്നും പോരാടുമെന്നും ഹിസാർ ബാർ അസോസിയേഷൻ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു.
Also Read: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യം; ബംഗാളിൽ വാഗ്‌ദാനവുമായി അമിത് ഷാ








































