കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്ത് കോഴിക്കോട് ജില്ല. 5,015 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ 4000ന് അടുത്താണ് പ്രതിദിന കോവിഡ് ബാധ. എന്നാൽ പരിശോധനകൾ വർധിച്ചതോടെ ഇന്ന് പ്രതിദിന രോഗബാധ 5000 പിന്നിട്ടു.
ജില്ലയിൽ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത് 19,663 ആളുകളെയാണ്. സമൂഹത്തിൽ ഇനിയും നിരവധി കോവിഡ് ബാധിതർ ഉണ്ടെന്നതിന്റെ സൂചനയാണ് ഇന്നത്തെ കണക്ക് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ തുടരുകയാണ്. 20.66 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗബാധ വീണ്ടും ഉയർന്നതോടെ നിലവിലത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 16ആം തീയതി മുതലാണ് 20ന് മുകളിൽ തുടരുന്നത്. ഇത് ആശങ്കകൾ വർധിപ്പിക്കുകയാണ്. രോഗവ്യാപനം ഉയരുന്നതിനാൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലും കണ്ടെയ്ൻമെന്റ് സോണിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു. കൂടാതെ വരും ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ രോഗികളെ കണ്ടെത്താനാണ് അധികൃതരുടെ തീരുമാനം.
Read also : വിമർശനം യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; മുരളീധരനെതിരെ മുഖ്യമന്ത്രി







































