തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്‌ളബ് സെക്രട്ടറി എം രാധാകൃഷ്‌ണനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം പ്രസ് ക്ളബിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതാണെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് മേയര്‍ പരാതി നല്‍കിയത്.
വ്യാപാരിയുടെ പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ രാധാകൃഷ്‌ണനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്ന് മേയര്‍ പറഞ്ഞു.
2019ല്‍ രാത്രി വനിതാ മാദ്ധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും അവരോട് മോശമായി പെരുമാറുകയും ചെയ്‌ത കേസില്‍ വിചാരണ നേരിടുന്ന വ്യക്‌തികൂടിയാണ് എം രാധാകൃഷ്‌ണൻ. ഈ സംഭവത്തെ തുടർന്ന് ജോലി ചെയ്‌തിരുന്ന മാദ്ധ്യമ സ്‌ഥാപനത്തില്‍ നിന്നും രാധാകൃഷ്‌ണനെ അനിശ്‌ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
കേരള പത്ര പ്രവര്‍ത്തക യൂണിയനും ഇയാളെ പുറത്താക്കിയിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള കേസില്‍ അനുകൂല വിധി സമ്പാദിച്ചു എന്ന് അവകാശപ്പെട്ട് ഏപ്രില്‍ മുതല്‍ എം രാധാകൃഷ്‌ണൻ പ്രസ് ക്ളബിൽ സജീവമാകുകയായിരുന്നു.
Also Read: ‘ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും’; വീണാ ജോർജ്







































