ലിനിയുടെ ഓർമകൾക്ക് മരണമില്ല; ത്യാഗത്തിന് കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ദിനം കടന്നു വന്നിരിക്കുകയാണ്. മെയ് 21, രോഗീപരിചരണത്തിന് സ്വന്തം ജീവന്റെ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്‌റ്റർ ലിനിയുടെ ഓർമദിവസം. കേരള ജനതയുടെ മുഴുവൻ പ്രാർഥനകളും വിഫലമാക്കി ലിനി മരണത്തിന് കീഴടങ്ങിയെങ്കിലും ജീവിതം കൊണ്ട് അവർ കാണിച്ചുതന്ന പാഠങ്ങൾ എക്കാലവും വിലമതിക്കുന്നതാണ്.

നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനിയെ അനുസ്‌മരിക്കുകയാണ് കേരളം ഇന്ന്. നിപ്പാ മഹാമാരിക്ക് മുന്നിൽ ഭയചകിതരായി നിന്ന ഒരു ജനതക്ക് തന്റെ ത്യാഗത്തിലൂടെ ധൈര്യം പകർന്ന് നൽകിയ വ്യക്‌തിയാണ് ലിനിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു. പിന്നീട് കേരളം നേരിട്ട ഓരോ ആപൽഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടാണ് മറികടന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘സിസ്‌റ്റർ ലിനിയുടെ ഓർമകൾ കോവിഡിനെതിരെ നമ്മൾ പോരാടുന്ന ഈ കാലത്ത് കൂടുതൽ പ്രസക്‌തമാവുകയാണ്. അനേകായിരങ്ങൾ ഈ നാടിനു വേണ്ടി, ഇവിടത്തെ മനുഷ്യരുടെ ജീവനു വേണ്ടി സ്വജീവിതത്തേക്കാൾ വില നൽകി പ്രവർത്തിക്കുകയാണ്. സിസ്‌റ്റർ ലിനി ആ പോരാട്ടത്തിന്റെ ഉദാത്തമായ പ്രതീകമാവുകയാണ്. അവരുടെ ത്യാഗത്തിന് കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു’- മുഖ്യമന്ത്രി ഫേസ്ബുക്ക്‌ പോസ്‌റ്റിൽ കുറിച്ചു.

ഏറെ തീവ്രതയോടെ ഉള്ളിൽ പതിഞ്ഞ മുഖമാണ് സിസ്‌റ്റർ ലിനിയുടേതെന്നാണ് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കുറിപ്പ്. ‘ലിനിയുടെ ഓർമകൾക്ക് മരണമില്ല, ഈ ദിവസം ഒരിക്കലും മറക്കാനാകില്ല. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്‌ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് പകരാതെ തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്‌ത വകുപ്പുകളിലേയും, മുൻ മന്ത്രി ടിപി രാമകൃഷ്‌ണൻ, മറ്റ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം’- ശൈലജ ഫേസ്ബുക്ക്‌ പോസ്‌റ്റിൽ കുറിച്ചു.

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിതയായ ലിനി 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് ലിനി എഴുതിയ കത്ത് ഇന്നും ഏറെ വേദനയാണ് ബാക്കിവെക്കുന്നത്. കേരളം അതിജീവിച്ച ഒരു ദുരന്തപോരാട്ടത്തിലെ ധീരയായ പോരാളിക്ക്, സിസ്‌റ്റർ ലിനിക്ക് പ്രണാമം.

Also Read: മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്‌ഞാപനം പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE