വയനാട് : വനത്തിൽ ഭക്ഷണം കിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നതിന് എതിരെ നടപടി സ്വീകരിച്ച് വനംവകുപ്പ്. ഇതിന്റെ ഭാഗമായി തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പാടി ഭാഗത്ത് സ്വാഭാവിക പുല്ല് വളരാൻ വേണ്ടി ഒരുക്കിയിട്ട സ്ഥലത്ത് വനപാലകർ തീറ്റപ്പുല്ല് നട്ടുപിടിപ്പിച്ചു. ക്ഷീരകർഷകർ വ്യാപകമായി ഉപയോഗിക്കുന്ന സിഒ3 ഇനം തീറ്റപ്പുല്ലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ നട്ടത്.
ഒരു ഹെക്ടർ സ്ഥലത്ത് പുല്ല് നട്ടുപിടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ഇതിന്റെ ഭാഗമായി കൂടുതൽ സ്ഥലങ്ങളിൽ തീറ്റപ്പുല്ല് നട്ടുപിടിപ്പിക്കും. പനവല്ലിയിൽ വനത്തിലൂടെ കടന്നുപോകുന്ന പവർ ഗ്രിഡിന്റെ വൈദ്യുതി ലൈനിന് അടിയിലായി കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ തീറ്റപ്പുല്ല് നട്ടിരുന്നു.
പ്രധാനമായും ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ മൃഗങ്ങളാണ് ഭക്ഷണവും വെള്ളവും തേടി നാട്ടിലിറങ്ങുന്നത്. തുടർന്ന് ഇവ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാൽ വനത്തിൽ ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിച്ചാൽ ഇവ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് കുറയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീറ്റപ്പുല്ല് വച്ചുപിടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
Read also : സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ








































